ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; ബാംഗ്ലൂരിൽ 25കാരന് ക്രൂര മർദനം
ബാംഗ്ലൂർ: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25കാരന് ക്രൂര മർദനം. വാഹിദ് റഹ്മാനെന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ ഈ തിങ്കളാഴ്ചയാണ് സംഭവം.
വാഹിദ് റഹ്മാൻ കോളെജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടാവുന്നത്. ഒമ്പത് പേരടങ്ങുന്ന സംഘം തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി മർദ്ദിക്കുക ആയിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.
ഹിന്ദു സംഘടനയായ ബജ്റംഗ് ദളിന്റെ പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് വാഹിദ് റഹ്മാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അഞ്ച് മണിക്കൂറോളം മുറിക്കുള്ളിൽ വച്ച് പ്രവർത്തകർ മർദിച്ചെന്നും പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വാഹിദ് റഹ്മാൻ പറഞ്ഞു.
ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തതായും എന്നാൽ, പ്രതികളെല്ലാം ഒളിവിലാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.