പെട്രോൾ, ഡീസൽ വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണു പൊതുമേഖലാ എണ്ണ കമ്പനികളുടെ പ്രഖ്യാപനം.
പുതുക്കിയ വില ഇന്നു രാവിലെ ആറിന് പ്രാബല്യത്തിലാകും. എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ ഇളവു വരുത്തിയെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ്ങ് പുരിയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
ഇതോടെ, ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയിൽ നിന്ന് 94.72 രൂപയായി കുറഞ്ഞു. ഡീസൽ വില 89.62 രൂപയിൽ നിന്ന് 87.62 രൂപയായാണു കുറഞ്ഞത്.
രാജ്യത്തെ കോടി കണക്കിനു കുടുംബാംഗങ്ങളുടെ ക്ഷേമം ആണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ഒരിക്കൽകൂടി തെളിയിച്ചതായി ഹർദീപ് സിങ്ങ് പുരി വ്യക്തമാക്കി. വനിതാ ദിനമായ മാർച്ച് എട്ടിന് ഗാർഹിക പാചക വാതക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു.