സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം നടന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻറിൽ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്.
കൻറോൺമെൻറ് പൊലീസ് 11 പേരെ പ്രതികളായി ചേർത്താണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് ഒന്നാം പ്രതി. അബിൻ വർക്കി ഏഴാം പ്രതിയാണ്. രാഹുലിനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു, പൊതുമുതൽ നശിപ്പിച്ചു, അന്യായമായി സംഘം ചേരൽ, പൊലീസിൻറെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.
ഒന്നര മണിക്കൂറിലധികം നീണ്ട സംഘർഷത്തിൽ പ്രവർത്തകരെ പിരിച്ചുവിടാൻ ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡൻറ് നേമം ഷജീറിൻറെ കണ്ണിന് പരുക്കേറ്റു.
കൻറോൺമെൻറ് സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു. ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും നേതാക്കൾ പറഞ്ഞു.