മലപ്പുറത്ത് നിപ്പ ബാധിച്ച് മരിച്ച 14കാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി
തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച പതിനാലുകാരന്റെ വിശദമായ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പില്‍ പറയുന്ന സ്ഥലങ്ങളിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പാണ്ടിക്കാട് സ്വദേശിയായ കുട്ടി നിപ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
കുട്ടി ജൂലൈ 11 മുതല്‍ 15 വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലെ വിശദമായ റൂട്ട് മാപ്പ് ആണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്.
ഈ സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും അധികൃതരെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. നിപ കണ്ട്രോള് റൂം നമ്പറുകള്‍: 0483 - 2732010, 0483 - 2732050, 0483 - 2732060, 0483 - 2732090.
ഹൈറിസ്ക് പട്ടികയിലുള്ള 13പേരുടെ സാമ്പിളുകൾ ഇന്ന്(ജൂലൈ 22) പരിശോധിക്കും. ഒമ്പത് പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുന്നത്. നിലവില്‍ 350 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.
ഇതില്‍ 101 പേര് ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. 68 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്. അതേസമയം, മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇതുവരെ രോഗ ലക്ഷണങ്ങളില്ല.
കുട്ടിയുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ മലപ്പുറത്തിന് പുറത്ത് ആറ് പേരുണ്ട്. തിരുവനന്തപുരത്ത് നാല് പേരും പാലക്കാട് രണ്ട് പേരുമാണ് കോണ്ടാക്ട് ലിസ്റ്റിലുള്ളത്.
തിരുവനന്തപുരത്തുള്ള നാല് പേരില്‍ രണ്ട് പേര് പ്രൈമറി കോണ്ടാക്ടും രണ്ട് പേര് സെക്കന്ററി കോണ്ടാക്ടുമാണ്. പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരില്‍ ഒരാള്‍ സ്റ്റാഫ് നഴ്സും ഒരാള്‍ സെക്യൂരിറ്റി സ്റ്റാഫുമാണ്.