തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം
തിരുവന്തപുരം: നാല് പേർക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ ആരോഗ്യ വകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും.
രോഗം സ്ഥിരീകരിച്ച നാലുപേരും നിലവിൽ തിരുവന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സിയിൽ തുടരുകയാണ്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.
തിരുവനന്തപുരം കണ്ണറവിളയ്ക്കടുത്തുള്ള കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് ഇവർക്ക് രോഗം പിടിപെട്ടെന്നാണ് കരുതുന്നത്. കുളത്തിലിറങ്ങുന്നത് കർശന വിലക്കുണ്ട്.
കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്നിൽ കാണുന്നുണ്ട്. ഇതേ തുടർന്ന് ഛർദി, തലവേദന, കഴുത്തിൻറെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്ന് മുന്നറിയിപ്പുണ്ട്.
കുളത്തിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജില്ലയിൽ ആദ്യമായാണ് അമീബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിക്കുന്നത്.