ഡൽഹിയിലെ പി.വി.ആർ മൾട്ടിപ്ലക്സിന് സമീപം സ്ഫോടനം
ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ പ്രശാന്ത് വിഹാർ ഏരിയയിലെ പി.വി.ആർ മൾട്ടിപ്ലക്സിന് സമീപം സ്ഫോടനം. ഇന്ന് രാവിലെ 11.48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. വളരെ തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒരു മാസത്തിന് മുൻപ് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു.
സ്കൂളിൻറെ മതിലിനടക്കം സ്ഫോടനനത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഏരിയയിൽ ഇന്ന് മറ്റൊരു സ്ഫോടനം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രശാന്ത് വിഹാറിലെ ഒരു പാർക്കിൻറെ സമീപമാണ് ഇന്നത്തെ സ്ഫോടനം ഉണ്ടായിരിരക്കുന്നത്. സ്ഥലത്ത് നടത്തിയ പരിശോധനയിൽ വെള്ള നിറത്തിലുള്ള ഒരു പൊടി കണ്ടെത്തിയിട്ടുണ്ട്. മുൻപ് സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം ഉണ്ടായപ്പോഴും സമാനമായ പൊടി കണ്ടെത്തിയിരുന്നു.
പൊലീസും ഫോറൻസിക് സംഘവുമടക്കം പ്രദേശത്ത് പരിശോധന തുടരുകയാണ്. സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പാർക്കിൻറെ സമീപത്തായി നിർത്തിയിട്ടിരുന്ന മുച്ചക്ര വാഹനത്തിൻറെ ഡ്രൈവർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രദേശത്ത് പൊലീസ് ജാഗ്രതാ നിർദേശം നൽകി.