പി.വി അൻവറിനെ ജയിലിലെത്തിച്ചു
മലപ്പുറം: നിലമ്പൂർ വനംവകുപ്പ് ഓഫീസ് അടിച്ച് തകർത്ത കേസിൽ റിമാൻഡിലായ പി.വി. അൻവർ എംഎൽഎയെ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടി അൻവറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
11 പ്രതികളുള്ള കേസിൽ അൻവർ ഒന്നാം പ്രതിയാണ്. കൃതൃനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് അൻവറിനെതിരേ ചുമത്തിയിരിക്കുന്നത്. ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിൽ കലാശിച്ചത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് അൻവർ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. മോദിയേക്കാൾ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയൻ നടപ്പാക്കുന്നതെന്നും അൻവർ ആരോപിച്ചു.
ജാമ്യ ഹർജിയുമായി തിങ്കളാഴ്ച തന്നെ കോടതിയെ സമീപിക്കാനാണ് അൻവറിന്റെ തിരുമാനം. ഞായറാഴ്ച രാവിലെ 11.45 ഓടെയായിരുന്നു കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതിലുള്ള ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. അൻവറിന്റെ പ്രസംഗത്തിന് പിന്നാലെ മാർച്ച് അക്രമാസക്തമായി.
ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തു. വൈകിട്ട് ആറ് മണിയോടെ പൊലീസ് നടപടി ആരംഭിച്ചു. കേസിൽ അൻവർ ഒന്നാം പ്രതിയായി 11 പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു.