രണ്ടാം പിണറായി സർക്കാരിനെ പോലൊരു ദുരന്തം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല
ഇടുക്കി: രണ്ടാം പിണറായി സർക്കാരിനെ പോലൊരു ദുരന്തം കേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ എൽഡിഎഫ് സർക്കാരിനെതിരെയുള്ള വിചാരണ സദസ്സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന് ഇടുക്കിയിലെ ജനങ്ങളോട് ബാധ്യത ഇല്ലെന്നതിന്റെ തെളിവാണ് ഇടുക്കിയെ മാത്രം പ്രതികൂലമായി ബാധിക്കുന്ന 30 കരി നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സമരത്തിന്റെ പേരിൽ പി.വിഅൻവർ എംഎൽഎയെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരാണ് നിയമസഭ തല്ലിപ്പൊളിച്ചവരെ മന്ത്രിയാക്കിയത്. രാജകുമാരിയിൽ മാത്രമല്ല സംസ്ഥാനത്തെങ്ങും ഓരോ ദിവസവും ജനവിരുദ്ധ സർക്കാരിനെതിരെ വിചാരണ നടത്താൻ ജനങ്ങൾ തയാറായിരിക്കുകയാ ണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, എം.എം.മണി എംഎൽഎ എന്നിവരെ പ്രതീകാത്മകമായി വിചാരണ നടത്തി. വിചാരണ സദസ്സിന്റെ ഭാഗമായി നടത്തിയ ധർണാസമരം രാവിലെ കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തിരുന്നു.
ഡീൻ കുര്യാക്കോസ് എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രഫ.എം.ജെ.ജേക്കബ്, ഇ.എം.ആഗസ്തി, എ.കെ. മണി, ടി.എം.സലിം, റോയി കെ.പൗലോസ്, സേനാപതി വേണു, എം.എൻ.ഗോപി, ജോയി തോമസ്, തോമസ് രാജൻ, എം.പി.ജോസ്, ബെന്നി തുണ്ടത്തിൽ, ആർ.ബാലൻ പിള്ള, സുധീർ കോട്ടക്കുടിയിൽ, ജോസ് പൊട്ടംപ്ലാക്കൽ, ജോജി ഇടപ്പള്ളികുന്നേൽ, കെ.എസ്.അരുൺ, ജോസ് ചിറ്റടി, സുധീർ കോട്ടക്കുടിയിൽ എന്നിവർ പങ്കെടുത്തു.