ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്…
ഒരു പുതുവത്സരത്തെ കൂടി വരവേൽക്കുവാൻ നാം ഒരുങ്ങുകയാണ്. ഇന്നലെ, ഇന്ന്, നാളെ. നമുക്ക് പരിചിതമായ വാക്കുകൾ, ആശയം. ഒരു വർഷം നാളയെക്കുറിച്ചുള്ള ചിന്തയിലെ ഏതാണ്ട് ദൈർഘമേറിയ സമയദൂരമാണ്. പുതുവർഷത്തിൽ എത്രയെത്ര ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, പ്രതിജ്ഞകൾ…
ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കുക എന്നാൽ സ്വന്തം ശ്വാസോച്ഛ്വാസത്തെ നിർബന്ധമായി നിഷേധിക്കുന്നതുപോലെയാണെന്ന് കരുതുന്ന സംസ്കാരത്തിന്റെ ഭാഗമാണ് നാം ഓരോരുത്തരും.
അഭിലാഷം, അഭിനിവേശം, ആഗ്രഹം എന്നിവയാൽ ജ്വലിക്കുന്ന ഒരു ലോകത്ത്, വിജയം പലപ്പോഴും നമ്മുടെ സ്വപ്നങ്ങളുടെ വലിപ്പവും നമ്മുടെ നേട്ടങ്ങളുടെ ഭാരവും കൊണ്ട് അളക്കപ്പെടുന്നിടത്ത്, ഒരു സമൂലമായ തത്ത്വചിന്തയ്ക്ക് എന്തു പ്രസക്തി? ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ് എന്ന് പറഞ്ഞാൽ ഭൂരിപക്ഷം പേർക്കും അതൊരു അസ്വീകാര്യമായ ആശയമായി തോന്നും? പ്രതീക്ഷകളുടെ ഭാരം നമ്മുടെ ചുമലിൽ ഒരു ഭാരമായി തൂങ്ങിക്കിടക്കാതെ ഓരോ ദിവസവും രാവിലെ ഉണരുന്നത് നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ? നമ്മെക്കുറിച്ച് തന്നെ നമുക്ക് ഇത്തരത്തിൽ ഒരു സങ്കല്പം സൃഷ്ടിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഓരോ ദിവസവും അത്ഭുതബോധത്തോടെയും തുറന്ന മനസ്സോടെയും എന്ത് സംഭവിച്ചാലും സ്വീകരിക്കാൻ തയ്യാറായി ഒരു സുഷുപ്തിയെ വിട്ടുണരുന്ന ഒരു ശിശുവിൻൻ്റെ ചിത്രം നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരിക. ആ ശിശുവിന്റെ പെരുമാറ്റം, മനോഭാവം എന്നിവയെല്ലാം തീർച്ചയായും സമയബന്ധിതമല്ലാത്ത ലക്ഷ്യമില്ലായ്മയുടെ ആഴങ്ങൾ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും.
മറ്റുള്ളവരുടെ പ്രേരണയ്ക്ക് വഴങ്ങിയും നമുക്ക് ചുറ്റുമുള്ളവരെ അനുകരിച്ചും സ്വന്തം അഭിനിവേശങ്ങളെ പിന്തുടരുന്ന ജീവിതശൈലിയെയാണ് നാം സാധാരണയായി ലക്ഷ്യമെന്ന് വിളിക്കുന്നത്. പുതുവത്സരാരംഭത്തിൽ ഒന്നോ അതിലധികമോ ലക്ഷ്യങ്ങൾ നമ്മൾ മുൻകൂട്ടി തയ്യാറാക്കുന്നു. നമ്മൾ വിഭാവനം ചെയ്ത പ്രധാന ലക്ഷ്യത്തെ സാക്ഷാത്കരിക്കുവാൻ മാസംതോറും അല്ലെങ്കിൽ ആഴ്ചകളിൽ ഉപലക്ഷ്യങ്ങൾ നമ്മൾ വീണ്ടും കണ്ടെത്തുന്നു. ഇതിന് പുറമേ, ആഴ്ചകളിലും ദിവസങ്ങളിലും നമ്മുടെ ശ്രദ്ധ സഫലീകരിക്കുവാൻ ഘട്ടംഘട്ടമായി നേടിയെടുക്കേണ്ട കാര്യങ്ങളെക്കുറിച്ചുളള മറ്റു ലക്ഷ്യങ്ങളും നാം പുലർത്താറുണ്ട്.
നിർഭാഗ്യവശാൽ, നാം മുൻകൂട്ടി തയ്യാറാക്കിയ ലക്ഷ്യങ്ങൾ ഒരിക്കലും നമ്മിൽ ഭൂരിപക്ഷം പേർക്കും നേടിയെടുക്കുവാൻ കഴിയാതെ പോകുന്നു. ഇതിൻെറ അനന്തരഫലം നിരാശയും കുറ്റബോധവുമായിരിക്കും. ഈ യാഥാർത്ഥ്യം നമുക്ക് എല്ലാവർക്കും അറിയാം. ഈ പ്രശ്നത്തിന്റെ അടിസ്ഥാന യാഥാർത്ഥ്യം എന്താണ്? നാം ഓരോരുത്തരും അനുദിന ജീവിതത്തിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവർത്തനനിരതരാകേണ്ടതുണ്ട്. നമ്മുടെ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുവാൻ, അന്തിമ ലക്ഷ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമ്മൾ പരിശ്രമിക്കുന്നു. സത്യത്തിൽ ഈ പ്രവർത്തനഘട്ടത്തിനായി നാം ചിലവഴിക്കുന്ന സമയത്തെ നമ്മൾ ഭയത്തോടെ വീക്ഷിക്കുന്നു. അതിനാൽ നമ്മുടെ പല ലക്ഷ്യങ്ങളും നാം നീട്ടിവെക്കുന്നു. മിക്കപ്പോഴും നാം മറ്റ് കാര്യങ്ങളിൽ, ഉദാഹരണത്തിന്, ഇക്കാലത്ത് സാമൂഹ്യ മാധ്യമങ്ങൾ കൂടുതലായി ഉപയോഗിച്ച് സമയം കളയുന്നു.
ലക്ഷ്യമില്ലായ്മ എന്ന ആശയം സ്വീകരിക്കുന്നത് ഉത്കണ്ഠയുടെയും നിരാശയുടെയും ചാക്രിക മാതൃകയിൽ നിന്ന് നമ്മെ മോചിപ്പിക്കുവാൻ സഹായിക്കും. ജീവിതത്തെ ഒരു രേഖീയ രേഖയായി സങ്കൽപ്പിച്ച് അതിൽ നാം സൃഷ്ടിക്കുന്ന സ്വന്തം രേഖകളാണ് നമ്മുടെ ലക്ഷ്യങ്ങൾ. യഥാർത്ഥത്തിൽ ജീവിതമെന്ന പ്രഹേളിക ചലിക്കുന്നത് ലക്ഷ്യമില്ലായ്മയുടെയും ആശയക്കുഴപ്പങ്ങളുടെയും വഴിതിരിച്ചുവിടലുകളുടെയും അനിശ്ചിതത്വങ്ങളുടെയും ഇടയിലൂടെയാണ്. ഇങ്ങനെയുള്ള നിമിഷങ്ങളിലും യാദൃശ്ചികതയുടെയും അപ്രതീക്ഷിത വളർച്ചയുടെയും മാന്ത്രികത ഉണ്ടെന്ന് നാം തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. ജീവിതമാകുന്ന നൃത്തവേദിയിൽ നാം ശീലിച്ച, ആഗ്രഹിക്കുന്ന, ലക്ഷ്യം വെയ്ക്കുന്ന ചുവടുകളെക്കാൾ, നൃത്ത വേദിയിൽ മുഴങ്ങുന്ന താളത്തിന് അനുസരിച്ച് സുഗമമായി ചുവടുകൾ നീക്കുമ്പോഴാണ് താളവും ചുവടുകളും തമ്മിലുള്ള സമുന്വയം ഉടലെടുക്കുക.
ലക്ഷ്യമില്ലായ്മ, ഒരാൾക്ക് ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വലിയ യാഥാർത്ഥ്യവും അനുഗ്രഹവുമാണ്. അത് ഓരോ നിമിഷത്തെയും പൂർണ്ണമായി സ്വീകാര്യമാക്കുന്ന ഒരായുസ്സിന്റെ സംഗീതമാണ്. ഒരാൾക്ക് നേടിയെടുക്കാവുന്ന ഏറ്റവും വലിയ സായൂജ്യവും ഇതുതന്നെ. ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്, ലക്ഷ്യത്തിന്റെ വ്യക്തമായ ഒരു ചിത്രമില്ലാതെ, ധാരണകൾ ഇല്ലാതെ, ചെയ്തുതീർക്കേണ്ട ചുമതലകളുടെ ഭാരമില്ലാതെ, ജീതയാത്രയെ സ്നേഹിക്കുന്ന ഒരവസ്ഥയാണ്.
സമയം പലപ്പോഴും ഒരു രേഖീയ പുരോഗതിയായി നമ്മൾ കണക്കാക്കുന്നു. ഭൂതകാലമെന്ന ഒരു ബിന്ദുവിൽ നിന്ന് ഭാവിയിലേക്ക് ഒഴുകുന്ന, യാതൊരു മാറ്റുവും വരുത്തുവാൻ കഴിയാത്ത, ആർക്കും തടഞ്ഞുനിർത്തുവാൻ സാധിക്കാത്ത ഒരു ചലനാത്മക പ്രതിഭാസമാണ് സമയമെന്ന് നാം കരുതുന്നു. ഇതോടൊപ്പം തന്നെ മൂർത്തവും കൈവരിക്കാവുന്നതുമായ ലക്ഷ്യങ്ങൾ നേടിയെടുക്കുവാനുളള വ്യഗ്രത നമ്മുടെ സംസ്കാരത്തിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ട്. നമ്മുടെ നേട്ടങ്ങളുടെ താളുകളിൽ ദിവസേന നേടിയെടുക്കേണ്ട ലക്ഷ്യങ്ങളുടെ ഊർജ്ജം പകരുന്ന ഇന്ധനമാണ് സമയത്തെക്കുറിച്ചുള്ള നമ്മുടെ മിഥ്യാധാരണ.
ലക്ഷ്യങ്ങളില്ലാതെ ഒരാൾ എങ്ങനെ ജീവിക്കും? ജീവിതത്തിൽ മുഴുവൻ സമയവും യാതൊന്നും ചെയ്യാതെ ലക്ഷ്യബോധമില്ലാതെ ജീവിക്കണമോ? ഇതല്ല ലക്ഷ്യമില്ലായ്മയാണ് ഏറ്റവും വലിയ ലക്ഷ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് താൽപ്പര്യമുള്ള എന്തെങ്കിലും കണ്ടെത്തി, അത് ചെയ്യുക. നിങ്ങൾക്ക് ലക്ഷ്യങ്ങളില്ലാത്തതിനാൽ നിങ്ങൾ ഒന്നും ചെയ്യരുത് എന്നല്ല അർത്ഥമാക്കുന്നത്. ജീവിതത്തിൻെറ അർത്ഥവും ഉദ്ദേശ്യവും ലക്ഷ്യം നേടുന്നതിനുള്ള പദ്ധതികളിലോ, ആസൂത്രണങ്ങളിലോ അല്ല നിലകൊള്ളുന്നത്. നിങ്ങൾക്ക് ക്രിയാത്മകമായി ചിന്തിക്കുവാനും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും തീർച്ചയായും കഴിയും. നിങ്ങൾ നിങ്ങളുടെ അഭിനിവേശത്തെ പിന്തുടരുന്നതും തെറ്റല്ല.
ജീവിതം, അതിന്റെ എല്ലാ പ്രശ്നങ്ങളോടും സൗന്ദര്യത്തോടും കൂടി ഒരു നദി പോലെയാണ് - എപ്പോഴും ഒഴുകുന്നതും, നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ - ഒരു നദി. നമ്മുടെ എണ്ണമറ്റം ലക്ഷ്യങ്ങൾ, അഭിലാഷങ്ങൾ അതിൽ സ്ഥാപിക്കുമ്പോൾ ജീവിത നദി പ്രക്ഷുബ്ധമകുവാനുളള സാധ്യത കൂടുതലാണ്. ഈ ലക്ഷ്യങ്ങൾ സർഗ്ഗാത്മകതയെ പരിമിതപ്പെടുത്തുകയും, സ്വാഭാവികതയെ ഞെരുക്കുകയും, നമ്മുടെ കഴിവുകൾക്ക് ചുറ്റും കൃത്രിമ മതിലുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവ പലപ്പോഴും ജീവിതത്തിന്റെ നൈസർഗികതയെ തളർത്തി ചെക്ക്ലിസ്റ്റുകൾ, അളവുകൾ, നാഴികക്കല്ലുകൾ, വിജയപരാജയങ്ങൾ എന്നിവയിലേയ്ക്ക് നമ്മുടെ ശ്രദ്ധയെ മാറ്റുന്നു. തിരക്കില്ലാതെ, കടവുകളിൽ കാത്തുനിൽക്കാതെ, തിരകളുമായി മത്സരിക്കാതെ, സമയം നഷ്ടമാക്കാതെ, പാത തെറ്റാതെ ഒഴുകുന്ന പുഴയാവുക. സ്വതന്ത്രവും നിർബന്ധമില്ലാത്തതുമായ ഒരു പുഴയിലെ നീർത്തുളളികളാണ് നാം ഓരോരുത്തരും.
ലക്ഷ്യങ്ങളില്ലാതെ ജീവിക്കുവാൻ നമ്മുടെ ജീവിതത്തെ സമൂലമായി മാറ്റേണ്ടതില്ല. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളോ, പ്രവർത്തനങ്ങളോ ഇല്ലാതെ ദിവസത്തിൽ കുറച്ച് സമയത്തേയ്ക്ക് എങ്കിലും ജീവിതത്തിൻെറ സ്വഭാവിക താളലയങ്ങൾക്കനുസരിച്ച് സമയം ചെലവഴിക്കുവാൻ ശീലിക്കുക. കാര്യങ്ങൾ ചെറുതായി തുടങ്ങുക. വർത്തമാന നിമിഷത്തിൽ സന്നിഹിതരായിരിക്കുക. ലക്ഷ്യങ്ങളില്ലാതെ വളരുവാൻ പഠിക്കുക. ഇടയ്ക്കിടയ്ക്ക് ലക്ഷ്യങ്ങളെ ഉപേക്ഷിക്കുവാൻ പഠിക്കുന്നതും സുപ്രധാനമായ ലക്ഷ്യമാക്കുക.
ലക്ഷ്യങ്ങളെ ഉപേക്ഷിക്കുവാൻ പഠിക്കുന്നത് നമ്മുടെ ജീവിതത്തിൻെ്റ ഏതു മേഖലയിലുമാവാം.
ജീവിതത്തിന് നൈസർഗികവും സ്വാഭാവികമായ ഒരു ചലനമുണ്ട്, അത് അനസ്യൂതം ചലനാത്മകവും നിരന്തരം മാറ്റത്തിനും വളർച്ചയ്ക്കും വിധേയവുമാണ്. ജീവിതം സ്വയം ഒഴുകുന്ന ഒരു പരമ്പരയാണ്; മനുഷ്യന്റെ ഇടപെടൽ ഇല്ലാതെയും അതിന് അതിൻ്റെതായ രീതിയിൽ മുന്നോട്ടുപോകുവാനാകും. ജീവിതം സ്വാഭാവികമാണ്, അത് മാറ്റങ്ങൾക്ക് വിധേയവും നിയന്ത്രണാതീതവുമാണ്. അതിനെ ബലമായി മാറ്റുവാൻ ശ്രമിക്കാതെ, ലക്ഷ്യങ്ങൾക്കായി ജീവിക്കാതെ, പ്രകൃതിപ്രധാനമായ നിലയിൽ ജീവിതത്തെ സ്വീകരിക്കുമ്പോഴാണ് മനുഷ്യൻ യഥാർത്ഥ സന്തോഷവും സമാധാനവും അനുഭവിക്കുന്നത്.
ജീവിതത്തെക്കുറിച്ച് നാം തയ്യാറാക്കുന്ന പദ്ധതികളും ആസൂത്രണങ്ങളും യഥാർത്ഥത്തിൽ ജീവിതത്തിൻെറ സുപ്രധാനമായ ലക്ഷ്യമല്ല. അവ നമ്മെ മുൻകൂട്ടി നിശ്ചയിച്ച പാതയിൽ, ഒരുപക്ഷേ, എത്തിച്ചേരുവാൻ ചിലരെ സഹായിച്ചേക്കാം. ജീവിതത്തിൽ പദ്ധതികളും ആസൂത്രങ്ങളും ലക്ഷ്യങ്ങളും ഉപേക്ഷിക്കുവാൻ പഠിക്കുന്നതും ജീവിതത്തിലേക്കുള്ള വഴി തന്നെയാണ്.
ലക്ഷ്യമില്ലായ്മ എന്ന തത്ത്വചിന്ത അർത്ഥമാക്കുന്നത് ദിശയോ, ലക്ഷ്യമോ, ആഗ്രഹങ്ങളോ ഇല്ലാതെ ജീവിക്കുക എന്നല്ല. പകരം, ഇത് നിർബന്ധിത ഫലത്തെ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യങ്ങൾ ഉപേക്ഷിക്കുകയും സാന്നിധ്യം, വളർച്ച, പൊരുത്തപ്പെടുത്തൽ എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഒരു മാർഗം സ്വീകരിക്കുകയും ചെയ്യുക എന്നാണ്. കർക്കശമായ ലക്ഷ്യങ്ങൾ നാം ഉപേക്ഷിക്കുമ്പോൾ, നമ്മൾ പലപ്പോഴും സങ്കൽപ്പിച്ചതിലും കൂടുതൽ നേടിയെടുക്കുവാൻ നമുക്ക് കഴിയും. നമ്മുടെ സർഗ്ഗാത്മകത, ജീവിതസംതൃപ്തി, ആധികാരികമായി ജീവിക്കുവാനുള്ള പ്രചോദനം, സ്വാതന്ത്ര്യം, ആത്മവിശ്വാസം, ജീവിതത്തിന്റെ അർത്ഥം എന്നിവയെല്ലാം കേവലം ലക്ഷ്യപൂർത്തീകരണത്തേക്കാൾ മഹത്തരമാണെന്ന് നാം അറിയണം. ജീവിതത്തിൻറെ സമഗ്രതയും പരമോന്നത ലക്ഷ്യവും നാം എന്തു നേടി എന്നതിനെ ആശ്രയിച്ചല്ല വിലയിരുത്തപ്പെടുന്നത്, മറിച്ച് നാം എങ്ങനെ ജീവിച്ചു എന്നതാണ് കണക്കാക്കപ്പെടേണ്ടത്.
“ഒരു നല്ല സഞ്ചാരിക്ക് സ്ഥിരമായ പദ്ധതികളില്ല, എത്തിച്ചേരാൻ ഉദ്ദേശിക്കുന്നുമില്ല” - ലാവോ സൂ