ഇ.പി ജയരാജൻറെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൻറെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻറെ ആത്മകഥാ കേസിൽ ഡിസി ബുക്സിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഡിസി ബുക്സ് സീനിയർ ഡെപ്യൂട്ടി എഡിറ്ററായ എ.വി. ശ്രീകുമാർ നൽകിയ ഹർജിയിലും കോട്ടയം ഈസ്റ്റ് പൊലീസ് തിങ്കളാഴ്ച മറുപടി നൽകും. വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് എ.വി. ശ്രീകുമാറിനെതിരേ കോട്ടയം ഈസ്റ്റ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ശ്രീകുമാറിൻറെ അറസ്റ്റും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലും അനിവാര്യമാണെന്നാണ് പൊലീസിൻറെ നിലപാട്. കേസിൽ ഒന്നാം പ്രതിയാണ് ശ്രീകുമാർ. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും ചെയ്തതെല്ലാം ജോലി സംബന്ധമായ കാര്യങ്ങളാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പ്രസിദ്ധീകരണത്തിനായി ലഭിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക മാത്രമാണ് തൻറെ ജോലി. ദേശോഭിമാനിയുടെ കണ്ണൂർ ചീഫാണ് തനിക്ക് പുസ്തകത്തിൻറെ ഭാഗങ്ങൾ നൽകിയത്. ലഭിച്ചത് പ്രസിദ്ധീകരണത്തിനായി നൽകുക മാത്രമാണ് ചെയ്തതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.