ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്
ഇടുക്കി: ആർച്ച് ഡാമിനു സമീപത്തായി നിർമ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉദ്യാനപദ്ധതിയോട് ചേർന്നുള്ള 5 ഏക്കറിലാണ് വില്ലേജ് നിർമിച്ചിരിക്കുന്നത്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നൽകിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും നീണ്ട പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ ചുരുക്കമായ അനാവരണമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.
ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇടുക്കിയുടെ മലമടക്കുകളിലേക്ക് ആരംഭിച്ച കർഷക കുടിയേറ്റത്തിന്റെയും കുടിയിറക്ക് നീക്കങ്ങളുടെയും തുടർന്നുള്ള ജീവിതത്തിന്റെയും സ്മരണകളുണർത്തുന്ന ശില്പങ്ങളും കൊത്തുപണികളുമടങ്ങിയ ഇടുക്കിയുടെ ഭൂതകാലമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്. കുടിയേറ്റ കർഷകന്റെ രൂപമാണ് സ്മാരക വില്ലേജിന്റെ പ്രവേശന കവാടം. ഇവിടെ നിന്നും കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു കയറിയാൽ 6 ഇടങ്ങളിലായി വിവിധ ശില്പങ്ങളോടു കൂടിയ കാഴ്ചകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കോൺക്രീറ്റിലാണ് ജീവസ്സുറ്റ പ്രതിമകളും രൂപങ്ങളും നിർമിച്ചിരിക്കുന്നത്. എകെജിയും ഫാദർ വടക്കനും , ഗ്രാമങ്ങളും, കാർഷികവൃത്തിയും, ഉരുൾപൊട്ടലിന്റെ ഭീകരതയുമൊക്കെ ഇവിടെയുണ്ട്. ഏറ്റവും മുകളിലായി സ്മാരക മ്യൂസിയവും അതോടൊപ്പം ഒരു കോഫി ഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിലെ കാഴ്ചകൾ ഏഴു ഇടങ്ങളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹൈറേഞ്ചിലേക്കുളള കുടിയേറ്റത്തിന്റെ ചരിത്ര സ്മൃതികൾ നിറഞ്ഞു നിൽക്കുന്ന ഇവിടെ മുപ്പത്തി ആറരയടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പ്രവേശനകവാടമാണ് ആദ്യ ആകർഷണം. പാളത്തൊപ്പിയണിഞ്ഞ കർഷകന്റെ രൂപത്തിൽ നിർമിച്ചിരിക്കുന്ന കവാടത്തിൽ ശില്പത്തിന്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം. അവിടുന്ന് കരിങ്കൽ പാതയിലൂടെ മുന്നോട്ട് നീങ്ങിയാൽ എ.കെ.ജി കർഷകരോട് സംവദിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. കുടിയിറക്കിനെതിരായി നടന്ന ശക്തമായ സമരത്തിൽ കർഷകർ കണ്ണികളായി.
ഇതിന് നേതൃത്വം നൽകിയ എകെജി അന്ന് പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്നു. അക്കാരണത്താൽ തന്നെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കുടിയിറക്ക് സമരങ്ങളെപ്പറ്റി ശ്രദ്ധിക്കാൻ ഇടയാവുകയും എകെജിയുടെ ചുരളി- കീരിത്തോട്ടിലെ നിരാഹാരം അവസാനിപ്പിക്കാൻ ഇടപെടുകയും ചെയ്തു. ഈ സംഭവം ഓർമിപ്പിക്കുന്ന ഒരു ദൃശ്യാവിഷ്കാരം ഇവിടെ കാണാൻ സാധിക്കും. എകെജിയോടൊപ്പം ഫാദർ വടക്കനും അവിടെ സത്യാഗ്രഹമിരുന്നിരുന്നു. അതിന്റെ സ്മരണകളുണർത്തുന്ന ദൃശ്യങ്ങളാണ് അടുത്ത കാഴ്ച. ഒരു ഗ്രാമത്തിലുള്ള ജനങ്ങളോട് സംസാരിക്കുന്ന ഫാദർ വടക്കനെയും അത് നിന്നും ഇരുന്നും ശ്രവിക്കുന്ന ജനങ്ങളെയും ആ നിർമാണത്തിൽ കാണാനാകും. ജീവസുറ്റതാണെന്ന് തോന്നും വിധത്തിലുള്ള മനുഷ്യപ്രതിമകളാണ് ഓരോ കാഴ്ച്ചയിലും.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ പിൻതലമുറക്കാരുടെ ഓർമ്മകൾ വരച്ചു കാണിക്കുന്ന രൂപങ്ങളാണ് അടുത്ത ഇടത്തിൽ നിർമ്മിച്ചിട്ടുള്ളത്. ചെണ്ട കൊട്ടിയും തീ പന്തം കാണിച്ചും കാട്ടാനകളെ കൃഷിയിടങ്ങളിൽ നിന്നും വാസസ്ഥലങ്ങളിൽ നിന്നും ഓടിക്കുന്ന കാഴ്ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആ കാലഘട്ടത്തിലെ കൃഷിരീതികൾ വിവരിക്കുന്ന ദൃശ്യമാണ് അടുത്തയിടത്ത്. കപ്പയും നെല്ലുമാണ് ആദ്യം കൃഷി ചെയ്തത്. കലപ്പ ഉപയോഗിച്ച് നിലം ഒരുക്കുന്നതും നെല്ല് വിതക്കുന്നതും ഒക്കെ ഈ നിർമാണത്തിൽ കാണാനാകും. പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെട്ട ജനതയുടെ അനുഭവമാണ് അടുത്ത ദൃശ്യത്തിൽ.
ഉരുൾ പൊട്ടിയതിന് ശേഷമുള്ള ഒരു ഗ്രാമത്തിന്റെ നേർചിത്രമാണ് ഇവിടെ വെളിവാകുന്നത്. ഉരുൾ പൊട്ടി മരിച്ചവരുടെ മൃതദേഹവുമായി ഇരിക്കുന്ന സ്ത്രീ, ഉരുണ്ടു പോയ കല്ലുകൾ, രക്ഷപ്രവർത്തനം നടത്തുന്ന ജനങ്ങൾ, തിരച്ചിൽ നടത്തുന്നവർ, വീണു കിടക്കുന്ന മരങ്ങൾ, തകർന്നു പോയ വീടുകൾ, നായ്കളും പൂച്ചകളും തുടങ്ങി ദുരന്തമുഖത്തിന്റെ നേർകാഴ്ച കാണാനാകും. എല്ലാ ദുരിതങ്ങളെയും ദുരന്തങ്ങളെയും അതിജീവിച്ചു ജനങ്ങൾ ഇവിടെ ജീവിതം ആരംഭിച്ചതിന്റെ മാതൃകയാണ് അവസാനത്തെ സ്മാരകം. വീടുകൾ, വ്യാപാരത്തിനായി കാളവണ്ടിയിൽ പോകുന്നവർ, പശു തൊഴുത്ത്, കപ്പയുമായി പോകുന്ന കർഷകൻ, ഉരൽ ഉപയോഗിക്കുന്ന സ്ത്രീ, കളിക്കുന്ന കുട്ടി തുടങ്ങിയ വിവിധതരം കാഴ്ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു മലഞ്ചെരുവിൽ വിവിധ ഗ്രാമങ്ങളായി ചിത്രീകരിച്ചു നിർമാണം പൂർത്തിയായ ശില്പങ്ങൾക്ക് മികച്ച ലൈറ്റ് സംവിധാനവും സജ്ജികരിച്ചിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങളും പാതയോരങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഉദ്യാനവും, കുട്ടികൾക്കായി പാർക്കും ആരംഭിക്കും.





Latest News

