ആശാവർക്കർമാർക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആഹ്വാനം ചെയ്ത് സ്കൂൾ പാചകത്തൊഴിലാളികൾ
തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചകത്തൊഴിലാളി സംഘടനയായ എച്ച്എംഎസാണ് ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനെത്തുന്നത്.
ഇടതു സംഘടനയായ സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി) ഏപ്രിൽ 22 മുതൽ 26 വരെ രാപകൽ സമരം നടത്തും. സ്കൂൾ പാചകത്തൊഴിലാളികളുടെ നിലവിലെ ദിവസവേതനം 600 രൂപയാണ്. വർഷങ്ങൾക്ക് മുൻപ് കഞ്ഞിയും പയറും നൽകിയിരുന്ന സ്കൂളുകളിൽ ഇപ്പോൾ കുട്ടികൾക്ക് നൽകുന്നത് ചോറും ദിവസവും രണ്ടും മൂന്നും കറികളും പാലും മുട്ടയും ഏത്തപ്പഴവുമെല്ലാമാണ്.
ഇതെല്ലാം പാചകം ചെയ്യുന്നതിനായി അതിരാവിലെ എത്തി വൈകിട്ട് വരെ അതി കഠിന ജോലിയായിരിക്കും തൊഴിലാളികൾക്ക്. കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ രണ്ടും മൂന്നും പേർ ചേർന്ന് ഭക്ഷണമുണ്ടാക്കുകയും ദിവസവേതനമായ 600 രൂപ പങ്കിട്ടെടുക്കുകയുമാണ് ചെയ്യുന്നത്. 250 വിദ്യാർഥികൾക്ക് ഒരു തൊഴിലാളിയെന്ന നിരക്കിൽ പാചകത്തൊഴിലാളികളുടെ എണ്ണം പുനർനിശ്ചയിക്കണമെന്നും കുറഞ്ഞ പ്രതിദിനവേതനം 1000 രൂപയെങ്കിലുമാക്കണമെന്നുമുള്ളത് തൊഴിലാളികളുടെ ഒരുപാട് കാലങ്ങളായുള്ള ആവശ്യമാണ്.
എന്നാൽ സർക്കാർ ഇതുവരെ അത് പരിഗണിച്ചിട്ടില്ല. 2013-ൽ മിനിമം വേതനം നൽകാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടുകയായിരുന്നു.





Latest News

