കളമശേരിയിൽ മസ്തിഷ്ക ജ്വരം ബാധിച്ച അഞ്ച് കുട്ടികളുടെയും നില മെച്ചപ്പെട്ടു
കൊച്ചി: കളമശേരിയിൽ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ച് കുട്ടികളുടെ നില മെച്ചപ്പെട്ടു. കളമശേരി സെൻറ് പോൾസ് ഇൻറർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ തേടിയത്. എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രിളിലായാണ് കുട്ടികൾ ചികിത്സ തേടിയത്. കുട്ടികളെ ഐസിയുവിൽ നിന്നും മാറ്റിയതായാണ് വിവരം. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്കൂളിലെ 3 വിദ്യാർഥികളും ചികിത്സയിലുള്ളതായി അനൗദ്യോഗിക വിവരവുമുണ്ട്. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികൾ കടുത്ത പനിയും ഛർദിയും തലവേദനയുമായാണ് കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയത്.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് മസ്തിഷ്ക ജ്വരമാണെന്ന സംശയം ഉയർന്നത്. അതേസമയം, രോഗബാധ സ്ഥിരീകരിച്ച സ്കൂളിൽ ബുധനാഴ്ച ആരോഗ്യവകുപ്പ് എത്തി പരിശോധന നടത്തും. സ്കൂൾ താൽക്കാലികമായി അടച്ചിടാനും അടുത്ത ദിവസങ്ങളിലായി നടത്താനിരുന്ന പരീക്ഷകളും മാറ്റിവയ്ക്കാനും നിർദേശം നൽകി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്.