മുംബൈ ബോംബ് സ്ഫോടനം; മുഖ്യസൂത്രധാരൻ ടൈഗർ മേമൻറെ സ്വത്തുക്കൾ കണ്ടുകെട്ടി
നിലവിൽ റിസീവറുടെ പക്കലായിരുന്ന സ്വത്തുക്കൾ ഏറ്റെടുക്കാനാണ് 32 വർഷങ്ങൾക്ക് ശേഷം കോടതി ഉത്തരവിട്ടിരിക്കുന്നത്. ടൈഗർ മേമൻറെയും കുടുംബത്തിൻറെയും പേരിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിലുള്ള ഫ്ളാറ്റുകളും പാർപ്പിട സമുച്ചയങ്ങളും ഇതിൽ ഉൾപ്പെടുന്നു. 1994 മുതൽ റിസീവറുടെ പക്കലാണിത്.
14 പ്രോപ്പർട്ടികളിൽ മുംബൈയിലുടനീളമുള്ള വാണിജ്യ പാർപ്പിട സമച്ചുയങ്ങളും തുറസായ സ്ഥലങ്ങളും ഉൾപ്പെടുന്നു. ബാന്ദ്രയിലെ ഒരു ഫ്ളാറ്റ്, മാഹിമിലെ ഒരു ഓഫിസും തൊട്ടടുത്തുള്ള സ്ഥലവും, സാന്താക്രൂസിലെ ഫ്ളാറ്റ്, കുർളയിലെ ഒരു കെട്ടിടത്തിലെ രണ്ട് ഫ്ളാറ്റുകൾ, മുഹമ്മദ് അലി റോഡിലെ ഒരു ഓഫിസ്, ഡോംഗ്രിയിൽ ഒരു കടയും അതിനോട് ചേർന്നുള്ള സ്ഥലവും, മനീഷ് മാർക്കറ്റിലെ മൂന്ന് കടകൾ, ഷെയ്ഖ് മേമൻ സ്ട്രീറ്റിലെ ഒരു കെട്ടിടം എന്നിവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയിരിക്കുന്നത്.
കള്ളക്കടത്തുകാരുമായും മയക്കുമരുന്ന് കടത്തുകാരുമായും ബന്ധപ്പെട്ട സ്വത്തുകണ്ടുകെട്ടൽ നിയമത്തിൻറെ അടിസ്ഥാനത്തിലാണ് നടപടികൾ. ദാവൂദ് ഇബ്രാഹിം ഉൾപ്പെടെയുള്ള അധോലോക നേതാക്കൾക്കെതിരേ മുൻപ് സമാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1993ൽ കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചെങ്കിലും, നിയമപോരാട്ടങ്ങൾ കാലതാമസം വരുത്തി. കേസ് ഒന്നിലധികം കോടതികളിലേക്കും, സുപ്രീം കോടതിയിലേക്കും നീണ്ടു. വാദം കേൾക്കുന്നതിനിടെ സ്വത്തുക്കൾ സിബിഐക്കും മഹാരാഷ്ട്ര സർക്കാരിനും കൈമാറുന്നതിൽ എതിർപ്പില്ലെന്ന് പ്രത്യേക ജഡ്ജി നിരീക്ഷിച്ചു.
കൂടാതെ, നടപടിക്രമങ്ങൾ സംബന്ധിച്ച കോടതി നോട്ടീസുകൾക്ക് മേമനോ കുടുംബാംഗങ്ങളോ മറുപടി നൽകിട്ടില്ലെന്നുള്ളതും ചൂണ്ടിക്കാണിച്ചു. കേന്ദ്രസർക്കാരിനാണ് വസ്തുവിൻറെ ഉടമസ്ഥാവകാശം കൈമാറാൻ പോകുന്നത്.





Latest News

