'മിന്നൽ മുരളി ' ഒരു സൂപ്പർ എന്റർടൈയിനർ./എസ്. ചന്ദ്രമോഹൻ
(എസ്. ചന്ദ്രമോഹൻ ) മിന്നൽ മുരളി മലയാള സിനിമാ ചരിത്രത്തിലെ ഒരു മികച്ച ചിത്രമാണ്. സമീപകാല സിനിമ കോപ്രായങ്ങളിൽ മിന്നലേറ്റ് നിന്ന മലയാള സിനിമയ്ക്ക് പ്രത്യാശയുടെ വെളിച്ചമാണ് മുരളിയുടെ മേക്ക്. വളരെയേറെ കോമാളിയായി പോകേണ്ടിയിരുന്ന ഇതിവൃത്തം അനിതരസാധാരണമായ കൈ-മെയ് വഴക്കത്തിലൂടെ സംവിധായകൻ ബേസിൽ ജോസഫും കഥകൃത്തുക്കളായ അശ്വിൻ അനിരുദ്ധനും നായകൻ ടൊവിനോയും പ്രതി നായകൻ ഗുരു സോമസുന്ദരവും ഉജ്ജ്വലമായ തലത്തിലേക്ക് ഉയർത്തി.ബ്രൂസ്ലിയായെത്തിയ ഫെമിന ജോർജ് മിതത്വത്തിന്റെ മികവിലെത്തി. ബാലതാരം വസ്സിഷ്ട് നന്നായി മിന്നിച്ചു. അജുവിന്റെയും ബൈജുവിന്റെയും തകർപ്പൻ തിരിച്ചുവരവ്. എല്ലാം കൊണ്ടും ടീം വർക്കിന്റെ വിജയഭേരി! ഇതൊരു വേറിട്ട സറ്റയർ കൂടിയാണ്. ഒറ്റയ്ക്ക് അമ്പതോളം എതിരാളികളെ പറന്നടിച്ചിടുന്ന മലയാള നായകന്മാരെ നോക്കി കൊഞ്ഞനം കുത്തുന്ന, തലയ്ക്കു കിഴുക്കുന്ന സറ്റയർ! സൂപ്പർ ഹീറോയും സൂപ്പർ വില്ലനും ലളിതവും ആകർഷകവുമായ കൊച്ചു നർമ്മ സന്ദർഭങ്ങളിലൂടെ അതിമനോഹരമായ ഒരു ചിത്രം നമുക്ക് നൽകി. മിന്നൽ അതിൻറെ ലക്ഷ്യം കണ്ടിരിക്കുന്നു. സിനിമ സർവതിലുമുപരി ഒരു എന്റർടൈനർ ആണ് എന്ന സത്യം ഒന്നുകൂടി വിളിച്ചു പറയുകയാണ് മിന്നൽ മുരളി. കഥയിലെ യുക്തി തേടുന്നവരാണ് പൊതുവേ മലയാളികൾ. ഇവിടെ യുക്തിഭദ്രമായിത്തന്നെ ഒരു അതിഭാവുകത്വ കഥ മനോഹരമായി പറഞ്ഞു പോകുന്നു.ദൃശ്യഭംഗിയും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങും അതിമനോഹരം. ജയ് ഭീം എന്ന സിനിമ തമിഴ് സിനിമാലോകത്തെ എന്നല്ല ലോകസിനിമയെത്തന്നെ ഞെട്ടിച്ച കാലഘട്ടമാണ് കടന്നുപോയത്. അതേ സമയം മലയാളത്തിൽ വന്ന സിനിമകൾ തീരെ നിരാശാജനകമായിരുന്നു. തെറികൾ കുത്തിനിറച്ചു ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കിയ ചുരുളിയും മലപോലെ വന്ന് എലിയായി തീർന്ന മരയ്ക്കാർ അറബിക്കടലിലെ സിംഹവും മലയാള സിനിമയുടെ തകർച്ചയുടെ രോദനങ്ങളായി തീർന്ന കാലഘട്ടമാണിത്. അതിനിടയിൽ തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ട കുറുപ്പ് പ്രതീക്ഷ നൽകി. അതിനിടയ്ക്കാണ് മിന്നൽ മുരളിയുടെ മിന്നലടിച്ചുള്ള വരവ്. പുതിയ തലമുറ മിന്നിക്കും എന്നതിൻറെ മിന്നലാട്ടമാണ് ഈ സിനിമ.