വിജയരാഘവന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് വർഗീയ ചേരിയുടെ കൂട്ട് പിടിച്ചാണെന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വിജയരാഘവന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം.
സി.പി.എം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്നും സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയമാവരുത് സിപിഎമ്മിനെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.
ഇസ്ലാമോഫോബിയ വളർത്തുന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന തിരുത്താൻ തയാറായില്ലെങ്കിൽ ചവിട്ടി നിൽക്കുന്ന മണ്ണും സംഘപരിവാർ കൂടാരത്തിലേക്ക് ഒലിച്ചുപോവുമെന്നും മുഖപ്രസംഗത്തിലൂടെ സമസ്ത കുറ്റപ്പെടുത്തി. ബി.ജെ.പിയെ പോലെ സി.പി.എമ്മും ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുന്നു.
പുതിയ വോട്ട് ബാങ്ക് സൃഷ്ട്ടിക്കാൻ മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്നും ഭൂരിപക്ഷ വർഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളകുമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.