പാർട്ടി സമ്മേളനത്തിനായി റോഡ് അടച്ച സംഭവത്തിൽ സി.പി.എം ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു
തിരുവനന്തപുരം: സി.പി.എം ഏരിയ സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്.
സംഭവത്തിൽ ചൊവ്വാഴ്ച ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും പൊലീസ് നടപടിയെടുക്കാത്തതിൽ വിശദീകരണം തേടുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി.
ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിന് പുറമേ 31 പ്രവർത്തകരേയും പ്രതി ചേർത്തിട്ടുണ്ട്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.
പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ലെന്ന നിലപാടിലാണ് വഞ്ചിയൂർ പൊലീസ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ്.എച്ച്.ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.