മാധ്യമങ്ങൾക്കെതിരെ പട്ടി പരാമർശം നടത്തിയ എൻ.എൻ കൃഷ്ണദാസിന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരേ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം.
ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണദാസിന് മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്നും വിമർശനമുണ്ടായി.
പെട്ടി പരാമർശത്തെ സംബന്ധിച്ചും വിമർശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലായിരുന്നു വിമർശനം. പാർട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിച്ച ശേഷമായിരുന്നു എൻ.എൻ കൃഷ്ണദാസിൻറെ പട്ടി പരാമർശം. ഷുക്കൂറിൻറെ വീടിനു മുന്നിൽ ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ കാവൽ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തുക. ഞങ്ങളുടെ പാർട്ടിയിലെ കാര്യം ഞങ്ങൾ തീർത്തോളാം. പാലക്കാട്ട് തനിക്ക് ഇഷ്ടമുള്ളിടത്തെല്ലാം താൻ പോകും. എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.