പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ അതൃപ്തി അറിയിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതല നൽകിയെന്നും എന്നാൽ എനിക്കു മാത്രം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ സുധാകരൻറേയും സതീശൻറേയും നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടു പോവുകയാണ്. എന്നാൽ അതിന് ആരെയെങ്കിലും മാറ്റി നിർത്തേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എല്ലാവരേയും ചേർത്തു പിടിച്ച് കൊണ്ടുപോയെ മതിയാവൂ. തഴയപ്പെടുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. അതിന് കെപിസിസി പ്രസിഡൻറിനെ മാറ്റുകയല്ല പരിഹാരം. മറിച്ച് പുനഃസംഘടന വരുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തണം. എല്ലാവരേയും തുല്യമായി കാണുന്ന നേതൃനിര വരണം. അതൊരു പ്രത്യേക വിഭാഗത്തിൽ നിന്നും വരണമെന്ന് തനിക്കില്ലെന്നം ചാണ്ടി ഉമ്മൻ പറഞ്ഞു.