സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളത്; സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം
കൊല്ലം: ഇന്നലെ വരെയുണ്ടായിരുന്ന വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്ന് സന്ദീപ് വാരിയരെ ഉത്തമനായ സഖാവാക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയിലുള്ളതെന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ വിമർശനം.
സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് വന്നാൽ സ്വീകരിക്കുമെന്ന കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ പ്രസ്താവനയെയാണ് കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രവർത്തകർ വിമർശിച്ചത്.
കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രവർത്തകർ ആരോപിച്ചു. പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ആത്മകഥ എഴുതുന്ന പരിപാടിയാണെന്നും പരിഹാസം ഉയർന്നു.
പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിലും ആത്മകഥാ വിവാദത്തിലും ഇ.പി ജയരാജന് എതിരെ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഒന്നാം സർക്കാരിന്റെ നിഴലിലാണ് രണ്ടാം പിണറായി സർക്കാരെന്നും വിവാദങ്ങളിൽ മുഖ്യമന്ത്രി അപ്പപ്പോൾ പ്രതികരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. മന്ത്രി കെ.ബി ഗണേഷ് കുമാർ സി.പി.എമ്മിന് ബാധ്യതയാണെന്ന അഭിപ്രായവും ഉയർന്നു.
ഈ സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറുന്നു. മറ്റ് പാർട്ടിക്കാർകാർക്ക് കിട്ടുന്ന പരിഗണന പോലും സി.പി.എമ്മുകാർക്ക് പൊലീസ് സ്റ്റേഷനുകളിൽ പോലുമില്ല. യുവത്വത്തിന് അവസരം നൽകാനെന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കിയത് ആനമണ്ടത്തരമാണെന്നും വിമർശനം ഉയർന്നു.
ആര്യയുടെ പക്വത ഇല്ലാത്ത സമീപനം ഇപ്പോൾ മാത്രമല്ല ഭാവിയിലും പാർട്ടിക്ക് ദോഷം ചെയ്യുമെന്നം നേതാക്കൾ ആരോപിച്ചു. പാർലമെന്റിൽ ഇടതുപക്ഷത്തിന് മുഖമില്ലാതായെന്നും ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിന് വേണ്ടിയാണെന്നും ചോദ്യം ഉയർന്നു.
പാർട്ടിയിൽ വിരമിക്കൽ പ്രായം 75 വയസ്സ് നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്ന നേതാക്കളെ അപ്പപ്പോൾ തന്നെ ഒഴിവാക്കണമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുയർന്നു.