മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിനെ പ്രൊസിക്യൂട്ട് ചെയ്യാൻ ലെഫ്. ഗവർണർ അനുമതി നൽകി
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി.
ഇ.ഡിയുടെ അപേക്ഷയിൽ ലെഫ്. ഗവ. വി.കെ സക്സേനയാണ് അനുമതി നൽകിയത്. കഴിഞ്ഞ മാർച്ചിൽ 100 കോടി അഴിമതി ആരോപിക്കപ്പെട്ട കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പി.എം.എൽ.എ) പ്രകാരം പ്രോസിക്യൂഷന് അനുമതി നൽകണമെന്നാണ് ഇഡിയുടെ ആവശ്യം.
കെജ്രിവാൾ ഗുരുതരമായി അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നുമാണ് ഇ.ഡി ഗവർണർക്ക് അയച്ച കത്തിൽ പറയുന്നത്. മദ്യകമ്പനികളിൽ നിന്നും കൈക്കൂലി വാങ്ങി ആംആദ്മി നേതാക്കൾ അഴിമതി നടത്തിയെന്നായിരുന്നു കേസ്.
അരവിന്ദ് കെജ്രിവാളിന് പുറമേ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും പങ്കുണ്ടെന്നാണ് ഇഡിയുടെ ആരോപണം. കൈക്കൂലിയായി വാങ്ങിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും പരാതിയുണ്ട്.