ലളിത സുന്ദരഭാവങ്ങളാൽ വിസ്മയം തീർത്ത കെപിഎസി ലളിത
ലളിത സുന്ദരഭാവങ്ങളിലുടെ നിരവധി വേഷങ്ങള്‍ അവസതരിപ്പിച്ച കെപിഎസി ലളിത മലയാളികളുടെ മനസില്‍ ഇനിയും മായാതെ നില്ക്കും. ഇനിയും തീയെറ്ററുകളില് എത്താനുള്ള ചിത്രങ്ങളില്‍ അടക്കം അഭിനയിച്ച കൊണ്ടിരുന്ന കെപിഎസി ലളിതയുടെ മരണം മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വലിയ ശൂന്യതയാണ്. മാര്‍ച്ച് മൂന്നിന് റിലീസ് ആകുന്ന മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വത്തില്‍ അടക്കം കെപിഎസി ലളിതയ്ക്ക് മികച്ച വേഷമാണ് ലഭിച്ചിരിക്കുന്നത്. പത്താം വയസില്‍ കലാജീവിതത്തിലേക്ക് പ്രവേശിച്ച മഹേശ്വരിയമ്മ കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അഭിനയലോകം കീഴടക്കുന്നത്. നീണ്ട 64 വര്‍ഷങ്ങള്‍ നീണ്ട് നിന്ന് കലാജീവിതത്തില്‍ അവര്‍ ആടാത്ത ഭാവങ്ങളോ വേഷങ്ങളോ ഇല്ല. പ്രേംനസീര്‍, സത്യന്, അടൂര്‍ ഭാസി എന്നു തുടങ്ങി ശ്രീനാഥ് ഭാസിയും നസ്ലൻ കെ ഗഫൂറും വരെയുള്ള പുതുതലമുറയിലെ നടന്മാര്ക്കൊപ്പം വരെ അവര്‍ അഭിനയിച്ചു. അവര്‍ അഭിനയിച്ചു തീര്‍ത്ത എത്രയോ ചിത്രങ്ങള്‍ ഇപ്പോഴും അണിയറയില്‍ റിലീസിനൊരുങ്ങുകയാണ്. അവര്‍ക്കായി എഴുതപ്പെട്ട ഒരുപിടി കഥാപാത്രങ്ങളെയും അനാഥമാക്കി കൊണ്ടാണ് കെപിഎസി ലളിത ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. ബാല്യവും കൗമാരവും യൗവ്വനവും എന്നുതുടങ്ങി അഭിനയത്തിനൊപ്പം ലളിതയുടെ ജീവിതവുമൊഴുകി. എത്രയോ തലമുറകള്‍ക്ക് അവര്‍ ചിരപരിചിതയായി. മലയാളികള്‍ക്ക് ഒരു കുടുംബാംഗത്തെയെന്ന പോലെ അത്രയേറെ പരിചിതമുഖമായി ജീവിക്കുമ്പോഴും ഓരോ കഥാപാത്രത്തിനും മാനറിസത്തിലോ ശബ്ദത്തിലോ ഭാവങ്ങളിലോ ഒക്കെ വ്യത്യസ്ത നല്കുവാനായി അവര്‍ക്ക്. ഹാസ്യമോ വില്ലത്തി വേഷങ്ങളോ എന്തുമാവട്ടെ, തന്നെ തേടിയെത്തുന്ന എല്ലാതരം വേഷങ്ങളെയും അവര്‍ മികവുറ്റതാക്കി. ശാന്തത്തിലെ അമ്മ, തേന്മാവിന് കൊമ്പത്തിലെ കാര്‍ത്തുവെന്ന പ്രണയിനി, മനസ്സിനക്കരെയിലെ കുഞ്ഞുമറിയം, ഗോഡ് ഫാദറിലെ കൊച്ചമ്മിണി, മണിച്ചിത്രത്താഴിലെ ബാസുര കുഞ്ഞമ്മ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ കൗസല്യ എന്നു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര കഥാപാത്രങ്ങളാണ് കെപിഎസി ലളിത എന്ന പേരിനൊപ്പം മലയാളികളുടെ മനസ്സില്‍ മിന്നിമറയുക. ഭാവം കൊണ്ടു മാത്രമല്ല, ശബ്ദം കൊണ്ടും ഒരു വിസ്മയ ലോകം സൃഷ്ടിക്കാന്‍ കെപിഎസി ലളിതയ്ക്കു സാധിച്ചു. മതിലുകളിലെ നാരായണിയെ ഒരാളും കണ്ടില്ല, മമ്മൂട്ടിയുടെ 'ബഷീര്‍' പോലും. പക്ഷേ മതിലുകള്‍ക്ക് അപ്പുറത്ത് നിന്ന് ബഷീറിനെ പ്രണയിച്ച നാരായണിയെ കുറിച്ചോര്‍ക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും ഉള്ളിലേക്ക് ഓടിയെത്തുക കെപിഎസി ലളിതയുടെ മുഖമാണ്.