ജോൺപോളിന് ചികിത്സാ സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾ; സർക്കാരിന് മുന്നിലും അപേക്ഷ
കൊച്ചി: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത തിരക്കഥാകൃത്ത് ജോൺപോളിന് സഹായമഭ്യർഥിച്ച് സുഹൃത്തുക്കൾ. പ്രൊഫ. എം.കെ സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹൻ, സി.ഐ.സി.സി ജയചന്ദ്രൻ, പി. രാമചന്ദ്രൻ, അഡ്വ. മനു റോയ്, സി.ജി രാജഗോപാൽ, ജോൺസൺ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവർ ചേർന്നാണ് സഹായഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്. രണ്ടുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലാണ് ജോൺപോൾ. നിരവധി മനോഹര ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ജോൺപോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് പൊതുസമൂഹത്തിൽ നിന്ന് സഹായം തേടുന്നത്. രണ്ടുമാസത്തെ ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.. ജോൺപോളിന്റെ മകളുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് സഹായം അയക്കണമെന്നാണ് സുഹൃത്തുക്കൾ അഭ്യർഥിക്കുന്നത്. നിലവിൽ 20 ലക്ഷത്തോളം രൂപ ചിലവായതോടെ സർക്കാരിനോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മലയാള സിനിമയിൽ എൺപതുകളിലെ സജീവമായിരുന്ന ജോൺപോൾ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കകയും ഭരതനും പത്മരാജനും അടക്കം ഉള്ള പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കുകയും ചെയ്ത തല മുതിർന്ന തിരക്കഥാകൃത്താണ്. ആഷിഖ് അബു സംവിധാനം ചെയ്ത ഗാംഗസ്റ്ററിൽ മമ്മൂട്ടിക്ക് ഒപ്പം ജോൺപോൾ അഭിനയിക്കുകയും ചെയ്തിരുന്നു. ജിബി അബ്രഹാമിന്റെ എസ്.ബി.ഐ കാക്കൂർ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറും സഹായഭ്യർഥനയുടെ കൂടെ നൽകിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67258022274. ഐ.എഫ്.എസ്.സി: SBIN0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ആയും സഹായങ്ങൾ നൽകാം.