സിനിമയുടെ സുവർണകാലം: തിരിച്ചുവരവ് സ്വാഗതം ചെയ്ത് കാർണിവൽ സിനിമാസ്
ചെന്നൈ: ലോക്ഡൗൺ കാലത്ത് നമ്മളെല്ലാവരും സോഫകളിൽ നിന്ന് അതിശയകരമായ ചില ഉള്ളടക്കങ്ങൾ ആസ്വദിച്ചെങ്കിലും പ്രേക്ഷകർ മാജിക്കൽ സിനിമാറ്റിക് അനുഭവത്തിനായി വീണ്ടും തിയെറ്ററുകളിൽ വരാൻ കൊതിക്കുകയാണെന്ന് കാർണിവൽ സിനിമാസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിശാൽ സാഹ്നി. "ദക്ഷിണ് 2022' സൗത്ത് ഇന്ത്യ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് ഉച്ചകോടിയിൽ ബിഗ് സ്ക്രീനിലെ മാജിക്കിന്റെ തിരിച്ചുവരവിനെക്കുറിച്ചും മൾട്ടിപ്ലക്സുകൾ അവയുടെ മുൻതൂക്കം നിലനിർത്തുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി കാലത്തിനു മുമ്പോ ശേഷമോ, അഡ്വാൻസ് ടെക്നോളജിയും മികച്ച ശബ്ദ നിലവാരവുമുള്ള 70 എംഎം സ്ക്രീനിൽ സിനിമ കാണുന്നതിന്റെ അനുഭവം സമാനതകളില്ലാത്തതാണ്. തിയെറ്ററുകൾ തുറന്നത് മുതൽ ആളുകൾ പ്രതികാരത്തോടെ സിനിമകളിലേക്ക് മടങ്ങുകയാണ്. കാരണം തിയെറ്ററുകളിൽ സിനിമ അനുഭവിക്കുക എന്നത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണ്. പുറത്തു പോകുമ്പോഴും സിനിമ കാണുമ്പോഴും പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കുമ്പോഴും കുടുംബത്തിന്റെ ഏറ്റവും മികച്ച സമയം നാം ആസ്വദിക്കുകയാണ്. ഫ്രൈഡേ ഓപ്പണിങ്ങുകളുടെയും വാരാന്ത്യ ബോക്സോഫീസിന്റെയും മഹത്വം ചുരുങ്ങിയ സമയത്തിനുള്ളിൽ തിരിച്ചെത്തിയിരിക്കുകയാണ്, ഇന്ത്യയിലെ സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം, വളർച്ചയും വിപുലീകരണവും മാത്രമാണ് ഇനി കാണാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ, വിനോദ മേഖലകളിലെ വരുമാനത്തിന്റെ 30 ശതമാനം സംഭാവന ചെയ്യുന്നതിൽ ദക്ഷിണേന്ത്യ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിൽ ഓരോ വർഷവും നിർമിക്കുന്ന സിനിമയുടെ 50 ശതമാനവും സംഭാവന ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ഉച്ചകോടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സംവിധായകരായ എസ്.എസ്. രാജമൗലി, മണിരത്നം, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, തപ്സെ പന്നു എന്നിവർ പങ്കെടുത്തു.