ജനഗണമനയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ
""മൈ ബെർത്ത് വാസ് മൈ മിസ്റ്റേക്ക്''- സമകാലിക ഇന്ത്യയുടെ പ്രധാന പ്രശ്നം ഇതു തന്നെയാണെന്ന് പ്രഖ്യാപിക്കുകയാണ് "ജനഗണ മന'. ചോദ്യം ചോദിക്കുന്നവനെ തുറുങ്കലിലടയ്ക്കുന്ന, ചോദ്യം ചോദിക്കുന്നവനെ വിലങ്ങണിയിക്കുന്ന, തെറ്റ് ചുണ്ടിക്കാണിക്കുന്നവരെ രാജ്യ ദ്രോഹികളാക്കുന്ന ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരേ, അധികാര രാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തിനെതിരേ വിരൽ ചൂണ്ടുകയാണ് ചിത്രം. ബംഗളൂരുവിലെ ഒരു പ്രമുഖ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന സഭ വളരെ മൃഗീയമായ രീതിയിൽ കൊല്ലപ്പെടുന്നു. ഈ കേസ് അന്വേഷിക്കാൻ എത്തുകയാണ് അസിസ്റ്റന്റ് കമ്മീഷണർ സജൻ കുമാർ (സുരാജ് വെഞ്ഞാറമൂട്). അധ്യാപികയ്ക്ക് നീതിവേണമെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്ന വിദ്യാർഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നു. ഈ പ്രക്ഷോഭങ്ങളെ മുതലെടുത്ത് വർഗീയ കലാപങ്ങൾക്ക് കോപ്പുകൂട്ടുന്നതും തിരക്കഥയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടെ അണിഞ്ഞ കാക്കിയോട് നൂറ് ശതമാനം കൂറ് പുലർത്തുന്ന അസിസ്റ്റന്റ് കമ്മീഷണർ കേസ് അന്വേഷണം പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ തനിക്ക് നേരിടുന്ന മാനസിക സംഘർഷങ്ങളിലൂടെ മുന്നോട്ട് പോകുന്നു. പിന്നിടുന്ന ഓരോ നിമിഷവും ഇരിപ്പുറയ്ക്കാതെ പോകുന്നു. രണ്ടാം പകുതിയിൽ കേസിന്റെ വിചാരണയാണ്. മനുഷ്യാവകാശ കമ്മീഷൻ ഏറ്റെടുത്ത കേസിൽ വാദിക്കാനെത്തുകയാണ് അഡ്വ. അരവിന്ദ് സ്വാമിനാഥൻ (പൃഥ്വിരാജ്). അഡ്വ. അരവിന്ദ് സ്വാമിനാഥന്റെ ഓരോ ചോദ്യങ്ങളും ഈ സമൂഹത്തോടാണ്, മീഡിയയോടാണ്, ജുഡീഷ്വറിയോടാണ്. " സത്യം പറയുന്നതാണോ മീഡിയ അതോ, മീഡിയ പറയുന്നതാണോ സത്യം'. ആ നിമിഷങ്ങളിൽ നെല്ലും പതിരും വേർതിരിയുകായാണ്. കുറ്റവാളികൾക്കപ്പുറം, രാജ്യത്തെ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന മതരാഷ്ട്രീയ ബോധ്യത്തിനും, നിറത്തിന്റെ രാഷ്ട്രീയത്തോടും, അരികുവത്കരിക്കപ്പെട്ടവന്റെ നിസഹയാതയേയും തുറന്ന് കാണിക്കുന്നുണ്ട്. തിരക്കഥയുടെ മികവും പൃഥ്വിരാജിന്റെയും സുരാജിന്റെയും പ്രകടനങ്ങളും ഈ ത്രില്ലർ ചിത്രത്തെ മികവുറ്റതാക്കുന്നു. പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമൂടിനും തുല്യ പ്രാധാന്യം നൽകികൊണ്ടാണ് സംവിധായകൻ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. വ്യവസ്ഥിതികളാൽ രൂപാന്തരപ്പെട്ട രണ്ടു മനുഷ്യരുടെ ജീവിതമാണ് ചിത്രം കാണിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതവും, സുദീപ് ഇളമൺ കൈകാര്യം ചെയ്ത ക്യാമറയും ടെക്നിക്കൽ വിഭാഗത്തിൽ പ്രശംസയർഹിക്കുന്നു. മുതിർന്ന വക്കീൽ രഘുറാം അയ്യർ ആയി എത്തിയ ഷമ്മി തിലകൻ, വിദ്യാർത്ഥി പ്രക്ഷോഭം നയിക്കുന്ന ഗൗരിയായി വിൻസി അലോഷ്യസ് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടിയിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.