മരണമില്ലാതെ എന്റെ അനുജൻ
കെ.എൽ. മോഹനവർമ
എല്ലാം തമാശയിൽ കൂടി മാത്രം കണ്ടിരുന്ന അനിയൻ. അദ്ദേഹം ഇതു പ്രതീക്ഷിച്ചിരുന്നതു പോലെയാണ് തോന്നുന്നത്. കാരണം ഈയടുത്ത കുറേനാളുകളിൽ സംസാരിക്കുമ്പോഴൊക്കെ അദ്ദേഹം പറയും "വർമാജി, വയ്യാ...വയ്യാ...' എന്നിട്ടൊരു തമാശയും പറയും. അതാണു പറഞ്ഞത്, എല്ലാ പ്രശ്നങ്ങളെയും തമാശയിലൂടെ കണ്ടിരുന്നു എന്റെ അനിയൻ എന്ന് എല്ലാ നഗരങ്ങൾക്കും സാധാരണയായി ഓരോ ഐക്കണുകളുണ്ട്. നമുക്കു കൊച്ചിക്ക് കഴിഞ്ഞ പത്തു നാൽപതു വർഷമായി ജസ്റ്റിസ് കൃഷ്ണയ്യർ, നമ്മുടെ സാനു മാഷ്, മമ്മൂട്ടി. അതു പോലെ ഒരു വലിയ ഐക്കണായിരുന്നു ജോൺ പോൾ. ആ വെളിച്ചമാണിപ്പോൾ ഇല്ലാതായത്. എനിക്ക് അനുജനെപ്പോലെയായിരുന്നു. ഞങ്ങൾ തമ്മിലൊന്നിച്ച് എഴുത്തുമായി വന്ന കാലം മുതൽ വലിയ സൗഹൃദമുണ്ട്. എപ്പോഴും തമാശ പറയും. ഞാൻ ആദ്യം കണ്ടാൽ പറയുന്നത് "എനിക്കു നിങ്ങളോട് അസൂയയാ' എന്നായിരിക്കും. അപ്പോൾ ആളു ചിരിക്കാൻ തുടങ്ങും. കാരണം മറ്റൊന്നുമല്ല, ആ വാക്കുകളുടെ അനർഗളമായ പ്രവാഹം തന്നെയാണ് എന്നെക്കൊണ്ട് അങ്ങനെ പറയിച്ചത്. കെ.എം. റോയ് എപ്പോഴും പറയുമായിരുന്നു- എനിക്ക് ഇടയ്ക്കിടയ്ക്ക് ജോൺ പോളിന്റെ വർത്തമാനം കേൾക്കുമ്പോഴാണ് ഊർജം കിട്ടുന്നത് എന്ന്. വാക്കുകൾ കൊണ്ട് ഊർജം പകരാൻ ഇനിയാരുമില്ല. വാക്കുകൾ കൊണ്ടിത്ര ഭംഗിയായി, ഇത്ര മനോഹരമായി ആരുമില്ലിനിയിത്രമേൽ ഊർജം പകരാൻ. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നഷ്ടമാണ്. എല്ലാം തമാശയിൽ കൂടി മാത്രം കണ്ടിരുന്ന അനിയൻ. അദ്ദേഹം ഇതു പ്രതീക്ഷിച്ചിരുന്നതു പോലെയാണ് തോന്നുന്നത്. കാരണം ഈയടുത്ത കുറേനാളുകളിൽ സംസാരിക്കുമ്പോഴൊക്കെ അദ്ദേഹം പറയും "വർമാജി, വയ്യാ...വയ്യാ...' എന്നിട്ടൊരു തമാശയും പറയും. അതാണു പറഞ്ഞത്, എല്ലാ പ്രശ്നങ്ങളെയും തമാശയിലൂടെ കണ്ടിരുന്നു എന്റെ അനിയൻ എന്ന്. കൊവിഡ് കാലത്തു പോലും അദ്ദേഹത്തിന്റെ വാക്കുകളോളം ഊർജം പകരുന്ന ഒരു മരുന്നുമുണ്ടായിരുന്നില്ല. എല്ലാ മരുന്നുകളെക്കാളും ഉപരിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ പകർന്ന ഊർജം. എനിക്കെന്റെ അനിയനാണു പോയത്. അദ്ദേഹം മരിച്ചിട്ടില്ല, അദ്ദേഹത്തിനു മരണമില്ല. ആ വാക്കുകളിലൂടെ, ശക്തമായ രചനകളിലൂടെ ജോൺ പോൾ ജീവിച്ചു കൊണ്ടേയിരിക്കും.