ആൻ അഗസ്റ്റിന്റെ ഗംഭീര തിരിച്ചുവരവ് ! 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ശ്രദ്ധനേടുന്നു
ലാൽ ജോസിന്റെ 'എൽസമ്മ എന്ന ആൺകുട്ടി' എന്ന ചിത്രത്തിലൂടെ പ്രക്ഷക ഹൃദയത്തിലിടം നേടിയ ആൻ അഗസ്റ്റിന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ശ്രദ്ധ നേടുന്നു. ഒരിടവേളക്ക് ശേഷം ചലച്ചിത്രരംഗത്തേക്ക് തിരിച്ചെത്തിയ ആൻ അഗസ്റ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് നായകൻ. സജീവ് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷക്കാരനായ സജീവന്റെ ഭാര്യയായ രാധികയയാണ് ആൻഅഗസ്റ്റിൻ എത്തിയിരിക്കുന്നത്. മടിയനും അലസനുമായ ഭർത്താവിനെ ഉത്തരവാദിത്വമുള്ളവനും കാര്യഗൗരവമുള്ളവനുമൊക്കെ ആക്കിമാറ്റാൻ രാധിക ശ്രമിക്കുന്നുണ്ടെങ്കിലും അവൾ പ്രതീക്ഷിച്ച രീതിയിൽ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോവാൻ അവൾക്ക് സാധിക്കുന്നില്ല. കൃത്യമായി ജോലിക്ക് പോയി കാശുണ്ടാക്കണമെന്ന ചിന്തയൊന്നുമില്ലാത്ത ഒരു ഭർത്താവിന്റ ഭാര്യ ആയതിനാൽ കുടുംബത്തിൽ കടം കയറാൻ അധികസമയം വേണ്ടിവന്നില്ല. കടം കയറി നിൽക്കുന്ന കുടുംബത്തെ പിടിച്ചുയർത്താൻ രാധിക ശ്രമിക്കുന്നു. അങ്ങനെയൊരു പ്രത്യേക സാഹചര്യത്തിൽ മുന്നും പിന്നും നോക്കാതെ അവൾ ഓട്ടോറിക്ഷയുമായി റോഡിലിറങ്ങുന്നു. അവിടെയാണ് സിനിമയുടെ വഴിതിരിവ്. ആൻ അഗസ്റ്റ്യന്റെ അഭിനയമികവ് 'എൽസമ്മ എന്ന ആൺകുട്ടി'യിലൂടെ പ്രേക്ഷകർ കണ്ടറിഞ്ഞതാണ്. 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യിലേക്ക് വരുമ്പോൾ അതൊന്നുകൂടി ഊട്ടിയുറപ്പിക്കുന്നു . സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. വർത്തമാനകാലത്ത് നാം എപ്പോഴും ചർച്ച ചെയ്യുന്ന ഒരു വിഷയം കൂടിയാണിത്. കരുത്തുള്ള പെണ്ണുങ്ങൾ ഉണ്ടെന്നല്ല, എല്ലാ പെണ്ണുങ്ങളും കരുത്തുള്ളവരാണ് എന്നതാണ് രാധികയിലൂടെ ആൻ അഗസ്റ്റിൻ നമുക്ക് മനസ്സിലാക്കി തരുന്നത്. കുടുംബത്തിന്റെ കടിഞ്ഞാൺ പെണ്ണിന്റെ കയ്യിലാണെന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. അതിനത്ഥം പെണ്ണ് വീട് ഭരിക്കുന്നു എന്നല്ല, ഒരു കുടുംബത്തെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന് പെണ്ണിനറിയാം എന്നതാണ്. ഇവിടെ രാധികയിലൂടെ നമുക്കത് മനസ്സിലാക്കാൻ സാധിക്കും. മയ്യഴിയുടെ സ്വന്തം കലാകാരൻ എം മുകുന്ദൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ ചിത്രം ഹരികുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകമാക്കുകയും ചെയ്ത 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചെറുകഥയെ ആധാരമാക്കിയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'ഒരുത്തി' എന്ന ചിത്രത്തിന് ശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രത്തിൽ ജനാർദ്ദനൻ മനോഹരി ജോയ്, കൈലാഷ്, സ്വാസിക,സുനിൽ സുഖദ, ജയശങ്കർ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദൽ, അമൽ രാജ്, നീന കുറുപ്പ്, അകം അശോകൻ, സതീഷ് പൊതുവാൾ, ദേവി അജിത്ത്,കബനി, ഡോ.രജിത് കുമാർ, നന്ദനുണ്ണി,അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ സതീഷ്, അജിത നമ്പ്യാർ, ജയരാജ് കോഴിക്കോട് എന്നിവരാണ് മറ്റ് താരങ്ങൾ. ഇതൊരു കുടുംബ ചിത്രമാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അഴകപ്പൻ. ചിത്രസംയോജനം: അയൂബ് ഖാൻ. സംഗീതം: ഔസേപ്പച്ചൻ. ഗാനരചന: പ്രഭാവർമ്മ. സ്റ്റിൽസ്: അനിൽ പേരാമ്പ്ര. കലാസംവിധാനം: ത്യാഗു തവനൂർ. വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്. മേയ്ക്കപ്പ്: റഹിം കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര. പിആർഒ: മഞ്ജു ഗോപിനാഥ്.