ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമയിൽ മലയാളിയായ അരുൺ വെഞ്ഞാറമൂട്
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി സിനിമ നിർമാണ മേഖലയിലേക്കും കടക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ കഴിഞ്ഞ വർഷം മുതൽ പ്രചരിച്ചിരുന്നു. ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമ തമിഴിലാണ് പുറത്തിറങ്ങുന്നത്. നദിയ മൊയ്തു , ഹരീഷ് കല്യാൺ , ലൗ ടുഡേ ഫെയിം ഇവാന , യോഗി ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് തമിൽമണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'എൽജിഎം' ലെറ്റ്സ് ഗെറ്റ് മാരീഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങളിലും മലയാള ചിത്രങ്ങളിലും പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുന്ന അരുൺ വെഞ്ഞാറമൂടാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ. മലയാളിയായ അരുൺ വെഞ്ഞാറമൂട് സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പങ്ക് വയ്ക്കുന്നത്. മിഥുൻ മാനുവൽ തോമസ് ചിത്രമായ അലമാരയിലൂടെയാണ് അരുൺ വെഞ്ഞാറമൂട് സ്വതന്ത്ര ആർട്ട് ഡയറക്ടറാവുന്നത്. ആട് 2 , ഞാൻ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അർജന്റീന ഫാൻസ് കാട്ടൂർക്കടവ് , ജനമൈത്രി , തൃശൂർ പൂരം എന്നിങ്ങനെ നിരവധി സിനിമകളിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. തൃശൂർ പൂരത്തിൽ സ്റ്റണ്ട് മാസ്റ്റർ ആയി വന്ന ദിലീപ് മാസ്റ്റർ വഴിയാണ് പുഷ്കർ - ഗായത്രിയുടെ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ചെയ്ത 'സുഴൽ' എന്ന ബിഗ് ബഡ്ജറ്റ് സീരീസിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്. സുഴലിന് ലഭിച്ച മികച്ച പ്രതികരണമാണ് പുഷ്കർ - ഗായത്രി തന്നെ നിർമിച്ച് ആമസോൺ പ്രൈം വീഡിയോ സംപ്രേക്ഷണം ചെയ്ത 'വതന്തി' എന്ന വെബ് സീരീസിലേയ്ക്കും അരുൺ വെഞ്ഞാറമൂടിന് അവസരം നേടിക്കൊടുത്തത്.