നാളികേര കര്‍ഷക പ്രതിസന്ധി; കേരളാ കോണ്‍ഗ്രസ് സമരസംഗമം 10നും 11നും
ചെറുതോണി: സംസ്ഥാനത്തെ ലക്ഷക്കണക്കിന് നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നേതൃത്വത്തില്‍ കര്‍ഷകയൂണിയന്‍ സഹകരണത്തോടെ ഏപ്രില്‍ 10-നും 11-നും തൃശൂരില്‍ സംസ്ഥാന കേരകര്ഷകസമരസംഗമം നടത്തപ്പെടുന്നു.
10-ന് ഉച്ചകഴിഞ്ഞ് മൂന്നിന് വന്യമൃഗ ആക്രമങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും മരിച്ചുപോയ, സാമ്പത്തിക കടബാധ്യതകളാല്‍ ആത്മഹത്യ ചെയ്ത, കര്‍ഷക രക്തസാക്ഷികളെ അനുസ്മരിച്ച് സാഹിത്യ അക്കാദമി അങ്കണത്തിലെ കര്ഷകരക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
തുടര്‍ന്ന് നടക്കുന്ന കേരകര്ഷകസെമിനാര് ടി.കെ.ജോസ് ഐ.എ.എസ്. നയിക്കും. 250 കര്‍ഷകപ്രതിനിധികള്‍ പങ്കാളികളാകും. 11-ന് ഉച്ചകഴിഞ്ഞ് 2 ന് റീജിയണല്‍ തീയേറ്ററില്‍ സമരസംഗമം പാര്‍ട്ടി ചെയര്മാന് പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി ചെയര്മാന് അഡ്വ: തോമസ് ഉണ്ണിയാടന് അദ്ധ്യക്ഷത വഹിക്കും. വൈസ്ചെയര്‍മാന്‍ എം.പി.പോളി ആമുഖപ്രസംഗം നടത്തും. നേതാക്കളായ പി.സി.തോമസ്, മോന്‍സ് ജോസഫ് എം.എല്‍.എ., ജോയി എബ്രഹാം, ടി.യു. കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, സംസ്ഥാന വൈസ് ചെയര്മാന്മാര് സംഘാടകസമിതി ഭാരവാഹികളായ സി.വി.കുര്യാക്കോസ്, വര്‍ഗീസ് വെട്ടിയാങ്കല്‍, ഷിബു തെക്കുംപുറം, മാത്യു വര്‍ഗീസ്, ജോബി ജോണ്‍, റ്റി.എ. പ്ലാസിഡ്, മിനി മോഹന്‍ദാസ്, ജോയി ഗോപുരാന്‍, ഡോ. ദിനേശ് കര്‍ത്താ, ജോസ് ജെയിംസ്, കെ.വി.കണ്ണന്, സി.റ്റി.പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, കര്‍ഷക യൂണിയന് സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. നാളികേര കൃഷി ഇതിവൃത്തമാക്കിയുള്ള തിരുവാതിരകളിയും ഗാനങ്ങളും ഉണ്ടാകും. 14 ജില്ലകളില്‍നിന്നായി 1600 കര്‍ഷകപ്രതിനിധികള്‍ പങ്കെടുക്കും.
റബ്ബര്‍, നാളികേരം, ഏലം, കുരുമുളക്, നെല്ല്, കാപ്പി, തേയില, കൊക്കോ, ഗ്രാമ്പു, ജാതി, കശുവണ്ടി, പൈനാപ്പിള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ ഓരോ വിളകളുടെയും പ്രശ്നപരിഹാരം തേടിയും ബഫര്‍സോണ്‍, വന്യമൃഗശല്യം, നിര്‍മ്മാണനിരോധനം, ഭൂപതിവ് നിയമഭേദഗതി, പെന്ഷന് വര്‍ദ്ധനവ്, ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കര്ഷകയൂണിയന്റെയും നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും ഒട്ടേറെ സമരങ്ങള്‍ നടത്തിയിരുന്നു.
കര്‍ഷകരെ സഹായിച്ച് കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ടും കൃഷികളിലേക്ക് പുതിയ തലമുറയെ എത്തിക്കുവാനുള്ള ചിന്തകള്‍ രൂപപ്പെടുത്തുവാനുമുള്ള തുടക്കമായിട്ടാണ് നാളികേര കര്ഷകസമരസംഗമം. വിവിധ വിളകള്‍ക്കായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാനതലത്തില്‍ തുടര്‍ സമരസംഗമങ്ങള്‍ നടത്തപ്പെടുന്നതാണ്.