മാരക ലഹരിക്ക് സമാനമാണ് സ്മാർട്ട്ഫോണുകൾ, കുട്ടികളിൽ മാനസിക വൈകല്യമുണ്ടാക്കും; ഷഓമി ഇന്ത്യ മുൻ സിഇഒ മനു കുമാർ ജെയിൻ
ന്യൂഡൽഹി: ഫോണിന് അടിമയായ കുട്ടികളുടെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഷഓമി ഇന്ത്യ മുൻ സിഇഒ. മാരക ലഹരിക്ക് സമാനമാണ് സ്മാർട്ട്ഫോണുകളും. ഷഓമി ഇന്ത്യയുടെ മുൻ സി.ഇ.ഒ മനു കുമാർ ജെയിൻ കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം എത്രമാത്രം അപകടകരമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡാക്കി ഷഓമിയെ മാറ്റിയതിൽ പ്രധാനിയാണ് മനു.
ലിങ്ക്ഡ്ഇന്നിൽ അദ്ദേഹം പങ്കു വെച്ച പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. സ്മാർട്ട്ഫോൺ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു. 18 മുതൽ 24 വയസുവരെ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിൽ നിന്നുമാണ് ഇക്കാര്യം പുറത്തുവന്നത്. ആദ്യ തലമുറ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചിരുന്നത് കൗമാരത്തിലായിരുന്നു.
ചെറുപ്രായത്തിൽ തന്നെ സ്മാർട്ട്ഫോൺ അമിതമായി ഉപയോഗിച്ച് തുടങ്ങുന്നവർക്ക് ഭാവിയിൽ മാനസിക വൈകല്യങ്ങൾ നേരിടാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച വാഷിംഗ്ടൺ ഡിസി ആസ്ഥാനമായ സാപിയൻ ലാബ്സ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്.
ഇതനുസരിച്ച് ആറാമത്തെ വയസിൽ സ്മാർട്ട്ഫോൺ ലഭിച്ച സ്ത്രീകളിൽ 74 ശതമാനവും മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരാണ്. സ്മാർട്ട്ഫോൺ 18-ാം വയസു മുതൽ ഉപയോഗിച്ചു തുടങ്ങിയവരിൽ 46 ശതമാനമാണ് ഇത്തരം വെല്ലുവിളികൾ നേരിടുന്നത്.
പുരുഷൻമാരിൽ നോക്കിയാൽ ആറ് വയസിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ തുടങ്ങിയവരിൽ 42 ശതമാനമാണ് മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നത്. സ്മാർട്ട് ഫോൺ 18 വയസിന് ശേഷം നേടിയവരിൽ 36 ശതമാനത്തിന് മാത്രമാണ് മാനസികാരോഗ്യ പ്രശ്നങ്ങളുളളത്.
ചില മാതാപിതാക്കൾ കുട്ടികളെ അനുസരിപ്പിക്കാനുള്ള മാർഗ്ഗമായി സ്മാർട്ട്ഫോണിനെ കാണാറുണ്ട്. അത്തരം കുട്ടികളിൽ ഒരു തരം ആസക്തിയുണ്ടാക്കുമെന്ന് ജെയിൻ തുറന്നടിച്ചു. സ്മാർട്ട്ഫോണുകൾക്ക് താൻ എതിരല്ലെന്നും, പക്ഷേ കൊച്ചുകുട്ടികൾക്ക് അവ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ നിരവധി ആളുകളാണ് ഇതിനെ അനുകൂലിച്ചും എതിർത്തും എത്തിയിരിക്കുന്നത്.