വീൽചെയറിൽനിന്ന് സിവിൽ സർവീസിലേക്ക്
കൽപ്പറ്റ: അപകടത്തെത്തുടർന്നു നട്ടെല്ലിനു പരുക്കേറ്റ വയനാട് സ്വദേശി ഷെറിൻ ഷഹാന വീൽ ചെയറിലിരുന്ന് സിവിൽ സർവീസ് പരീക്ഷയെഴുതി സ്വന്തമാക്കിയത് അഭിമാന നേട്ടം. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളായ ഷെറിൻ (25) നേടിയത് 913ാം റാങ്ക്. സിവിൽ സർവീസിൽ 933 പേർക്കാണ് ഇത്തവണ നിയമന ശുപാർശ. 2017ലായിരുന്നു ഷെറിന്റെ ജീവിതം മാറ്റിമറിച്ച അപകടം. അലക്കിയിട്ട തുണിയെടുക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്നു കാൽഴുതി വീണു നട്ടെല്ലിനു പരുക്കേറ്റതിനെ തുടർന്ന് നടക്കാൻ കഴിയാതായ ഷെറിൻ വീൽചെയറിലിരുന്നാണു ചെയറിലിരുന്നാണ് പരീക്ഷയ്ക്ക് തയാറെടുത്തത്. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാഡമിയിലായിരുന്നു പരിശീലനം. പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെആർഎഫും നേടിയ ഷെറിൻ മലയാളത്തിലാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അപകടത്തിനു ശേഷം രണ്ടു വർഷത്തോളം പൂർണമായും കിടക്കയിൽ തന്നെയായിരുന്നു. 2015ൽ പിതാവ് മരിച്ചതിനു ശേഷം ജീവിതം കഷ്ടപ്പാടിന്റെ വഴികളിലൂടെയായിരുന്നുവെന്നും ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും ഷഹാനയുടെ മൂത്ത സഹോദരി ജാലിഷ ഉസ്മാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഗവൺമെന്റ് സ്കൂളിലാണ് ഇരുവരും പഠിച്ചത്. ഷെറിൻ പിജി വരെ ചെയ്തത് ബത്തേരി സെന്റ് മേരിസിൽ പൊളിറ്റിക്കൽ സയൻസിൽ. ജാലിഷയ്ക്കു ജോലി ലഭിച്ച ശേഷമാണു കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾക്കു ശമനമായത്. ഇതിനിടെ ഷെറിൻ നെറ്റ് ക്ലിയർ ചെയ്തു. പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിക്ക് ജോയിൻ ചെയ്തു. സിവിൽ സർവീസ് പരീക്ഷയുടെ ഫലം വരുമ്പോൾ മറ്റൊരു അപകടത്തിൽ പരുക്കേറ്റ് ശസ്ത്രക്രിയ കാത്തിരിക്കുകയാണു ഷെറിനെന്നും സഹോദരി ജാലിഷ. കഴിഞ്ഞ 16ന് ഷെറിൻ കോഴിക്കോട് നിന്ന് വരുന്ന വഴി കാർ അപകടത്തിൽപ്പെട്ടു. ഉമ്മ, ഏടത്തിയുടെ മകൾ, ഷെറിന്റെ സുഹൃത്ത് അഭിഷേക്, ഷെറിൻ എന്നിവർക്കു കാര്യമായി പരുക്ക് പറ്റി. കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണു ഷെറിനെയെന്ന് അവർ.