ധാരാവിയിലെ ചേരിയിൽ നിന്നും ആഡംബര മേയ്ക്കപ്പ് ബ്രാൻഡിൻറെ മോഡലായി മാറിയ മലീഷ ഖർവ
മുംബൈ: ബാന്ദ്രയിലെ കടലോരത്ത്, ജനിച്ചു വളർന്ന പതിനാലുകാരി മലീഷ ഖർവയുടെ മോഡൽ ആവണമെന്ന ആഗ്രഹം സാധിച്ചു കൊടുത്തത് അമെരിക്കൻ താരം റോബർട്ട് ഹോഫ്മാണ്. ഒരിക്കൽ മുംബൈയിൽ ചിത്രീകരണത്തിനായി എത്തിയ അദ്ദേഹത്തെ മലീഷ ഖർവ കാണുവാനും സംസാരിക്കുവാനും ഇടയായി. തന്റെ ആഗ്രത്തെക്കുറിച്ച് അവൽ മനസ്സു തുറന്നപ്പോൾ ഹോഫ്മാൻ അവളെ സഹായിക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ ഒരു അക്കൗണ്ട് തുടങ്ങി കൊടുത്തു. അവൾക്കു വേണ്ടി ഒരു ഗോഫണ്ട് മി ക്യാംപെയ്നും തുടങ്ങി.
വൈകാതെ അക്കൗണ്ട് ധാരാളം പേരിലേക്കെത്തുകയും ഫോറസ്റ്റ് എസൻഷ്യനെന്ന പേരു കേട്ട മേക്കപ്പ് ബ്രാൻഡ് അവരുടെ യുവതി കളക്ഷൻസെന്ന കാംപെയ്നിൻറെ ഭാഗമായി മലീഷയെ മോഡലായി തെരഞ്ഞെടുക്കുകയും ചെയ്തു. താൻ മോഡലായി നിൽക്കുന്ന ഫോറസ്റ്റ് എസൻഷ്യലിൻറെ സ്റ്റോറിൽ വച്ചിരിക്കുന്ന ചിത്രങ്ങൾ കാണുവാനെത്തിയ മലീഷയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്. അവളുടെ മുഖം ആനന്ദത്താൽ നിറഞ്ഞുവെന്ന കുറിപ്പോടെ ഫോറസ്റ്റ് എസൻഷ്യൽ തന്നെയാണ് ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്. യൂണിഫോം അണിഞ്ഞ് നിൽക്കുന്ന മലീഷയെ അതിൽ കാണാം.
ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ 2.3 ലക്ഷം ഫോളോവേഴ്സാണ് മലീഷക്കുള്ളത്. ചേരിയിൽ നിന്നുള്ള രാജകുമാരി എന്നാണ് ഇൻസ്റ്റഗ്രാമിൽ അവളെ വിശേഷിപ്പിക്കുന്നത്. അച്ഛനും അനുജനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് മലീഷ താമസിക്കുന്നത്. സ്വന്തം വീടും അടുക്കളയും നിത്യജീവിതവുമെല്ലാം അവൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സുഹൃത്തുക്കളുമായി പങ്കു വയ്ക്കാറുണ്ട്. ഇത്തരത്തിലൊരു ജീവിതം സങ്കടപ്പെടുത്താറില്ലേയെന്ന് പലരും മനീഷയോട് ചോദിക്കാറുണ്ട്. എന്നാൽ ഇതെൻറെ വീടാണെന്നും, എൻറെ വീടിനെ ഞാൻ സ്നേഹിക്കുന്നുവെന്നുമായിരുന്നു അവരോടുള്ള അവളുടെ മറുപടി.
മലീഷ ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞായിരിക്കുമ്പോൾ മുതൽ താന്റെ കുടുംബം അനുഭവിച്ചിരുന്ന ദാരിദ്ര്യത്തെക്കുറിച്ചും പങ്കു വച്ചിട്ടുണ്ട്. അന്നൊക്കെ തനിക്കും അനുജനും വയറു നിറയെ ഭക്ഷണവും ചില സാഹചര്യങ്ങളിൽ ആവശ്യത്തിന് വെള്ളം പോലും കിട്ടാതിരുന്നതും, ടാർപ്പാ വലിച്ചു കെട്ടിയ വീട്ടിലെ മഴക്കാല ദുരനുഭവങ്ങളും ഒരുപാട് വിഷമമുണ്ടാക്കിയിട്ടുണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ട്. അവിടെ നിന്നുമാണ് മോഡലിങ്ങിലേക്കുള്ള മലീഷയുടെ യാത്ര.
മലീഷ പഠിക്കുന്നത് മുംബൈയിലെ സാധാരണ സർക്കാർ സ്കൂളിലാണ്. ഇംഗ്ലിഷാണ് ഇഷ്ടപ്പെട്ട വിഷയം. തനിക്ക് പ്രിയപ്പെട്ട ഒരുപാട് ബന്ധുക്കൾ ഈ തെരുവിലുണ്ടെന്നും. എല്ലാവരും ഒരുമിച്ചാണ് താമസം. അവർക്കൊക്കെ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനായി സഹായിക്കാനായാൽ അതാണ് വലിയ സന്തോഷമെന്നും മലീഷ പറയുന്നു. ചെറിയ ഫോട്ടൊഷൂട്ടുകൾക്കൊപ്പം ലിവ് യുവർ ഫെയറി ടെയിലെന്ന ഹ്വസ്വചിത്രത്തിലും മലീഷ പങ്കാളിയായി. നിലവിൽ ഹോളിവുഡിൽ നിന്നും രണ്ട് ഓഫറുകളാണ് മലീഷയ്ക്ക് ലഭിച്ചിരിക്കുന്നത്.