സമ്പൂർണ ഇ–ഗവേണൻസ് കേരളം; ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സംഘടിപ്പിക്കുന്ന എക്സിബിഷന് കനകക്കുന്നിൽ തുടക്കമായി
തിരുവനന്തപുരം: കേരളത്തെ 100 ശതമാനം ഡിജിറ്റൽ സംസ്ഥാനമാക്കി ഉയർത്തുന്നതിന്റെ സുപ്രധാന കാൽവയ്പായ ‘സമ്പൂർണ ഇ-–-ഗവേണൻസ് കേരളം' പ്രഖ്യാപനത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സംഘടിപ്പിക്കുന്ന എക്സിബിഷന് കനകക്കുന്നിൽ തുടക്കമായി. വിവിധ സർക്കാർ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന ഐടി സേവനങ്ങളാണ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്നത്.
വ്യാഴം വൈകിട്ട് 4.30 ന് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘സമ്പൂർണ ഇ–--ഗവേണൻസ് കേരളം' പ്രഖ്യാപനം നടത്തും.എക്സിബിഷന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി വി പി ജോയ് നിർവഹിച്ചു. പതിനഞ്ചിലധികം വിവിധ സർക്കാർ വകുപ്പിന്റെ ഡിജിറ്റൽ സ്റ്റാളാണ് എക്സിബിഷനിലുള്ളത്.
സമ്പൂർണ ഇ-–-ഗവേണൻസ് ആകുന്നതിലൂടെ സംസ്ഥാനത്തെ സർക്കാർ ഓഫീസ് പ്രവർത്തന സംവിധാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെയും ഇ-–-സേവനങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കാൻ എക്സിബിഷൻ പൊതുജനങ്ങളെ സഹായിക്കും. കേരളത്തെ ഡിജിറ്റൽ വിജ്ഞാന സമൂഹമാക്കി മാറ്റുക, മിതമായ നിരക്കിൽ എല്ലാവർക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ഇ-–-ഗവേണൻസിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് നേരിട്ടറിയാനും എക്സിബിഷൻ അവസരമൊരുക്കും.