എന്‍.വി.എസ് - 01 വിക്ഷേപണം വിജയകരം
ചെന്നൈ: നാവിഗേഷന്‍ ഉപഗ്രഹമായ എന്‍.വി.എസ് - 01 ശ്രീഹരിക്കോട്ട സതീഷ് ധാവാന് സ്പേസ് സെന്ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ 10.42നായിരുന്നു വിക്ഷേപണം.
രണ്ടാം വിക്ഷേരണത്തറയിൽ നിന്നും ജി.എസ്.എൽ.വി മാർക്ക് രണ്ട് റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കി.മീ അകലെയുള്ള ഭ്രമണപഥത്തിലേക്ക് തൊടുത്തത്. ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ നാവികിന്റെ രണ്ടാം തലമുറ സാറ്റലൈറ്റാണ് വിക്ഷേപിച്ചത്.
ജി.പി.എസിനു ബദലായി ഇന്ത്യ അവതരിപ്പിച്ച നവിക്ക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുക എന്നതാണ് എന്‍വിഎസ് - 01 ഉപഗ്രഹങ്ങളുടെ ദൗത്യം. രണ്ട് ഘട്ടത്തിലെ വേർപെടലും വിജയകരമാണെന്നും ഇതുവരെയുള്ള നടപടി ക്രമങ്ങളെല്ലാം കൃത്യമാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.