കോയിൻ വെൻഡിങ്ങ് മെഷീനുകൾ ഉടനെത്തും
കൊച്ചി: നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പൊതുവിപണിയിലെ 'ചില്ലറ' പ്രശ്നങ്ങൾ പരിഹരിക്കാനുമായി റിസർവ് ബാങ്ക് നടപ്പാക്കുന്ന ക്യുആർ കോഡ് അധിഷ്ഠിത കോയിൻ വെൻഡിങ്ങ് മെഷീനുകൾ ഉടനെത്തും. കഴിഞ്ഞ ഫെബ്രുവരിയിലെ പണനയ യോഗത്തിലാണ് റിസർവ് ബാങ്ക് പദ്ധതി പ്രഖ്യാപിച്ചത്.
ഐ.സി.ഐ.സി.ഐ ബാങ്കിൻറെ സഹകരണത്തോടെ നിലവിൽ മുംബൈയിലെ നരിമാൻ പോയിൻറിലും അന്ധേരിയിലും പരീക്ഷണാർഥം(പൈലറ്റ്) നടപ്പാക്കിയ പദ്ധതിക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമുണ്ടെന്ന് റിസർവ് ബാങ്ക് അധികൃതർ പറയുന്നു. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളിൽ ആദ്യഘട്ടത്തിൽ മെഷീനുകൾ സ്ഥാപിക്കുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
ഷോപ്പിങ് മാളുകൾ, റെയ്ൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക. ആദ്യഘട്ടത്തിൽ കേരളത്തിലെ കോഴിക്കോടുമുണ്ട്. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാൺപൂർ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പാട്ന, പ്രയാഗ്രാജ് എന്നിവയാണ് മറ്റ് നഗരങ്ങൾ.
ക്യുആർ കോഡ് മെഷീനും യു.പി.ഐയും - മെഷീനിലെ ക്യുആർ കോഡ് സ്കാൻ ചെയ്താണ് നാണയം നേടാനാവുക. ഉപയോക്താവിൻറെ ബാങ്ക് അക്കൗണ്ടിലെ പണമാണ് യു.പി.ഐ മൊബൈൽ ആപ്പ് മുഖേന നാണയമായി ലഭിക്കുക. ഒരു രൂപ മുതൽ 20 രൂപവരെയുള്ള(1,2,5,10,20) നാണയങ്ങളുണ്ടാകും. യു.പി.ഐ അക്കൗണ്ടിലെ ബാലൻസിന് അനുസൃതമായി എത്ര നാണയത്തുട്ടുകൾ വേണമെങ്കിലും ഏത് നിരക്കിൻറെയും ഉപയോക്താവിന് സ്കാൻ ചെയ്തെടുക്കാം.
നാണയ എടിഎം എന്തുകൊണ്ട് - ചെറിയ തുകകളുടെ കറൻസി നോട്ടുകളുടെ അച്ചടി ഏറെ വൈകാതെ തന്നെ അവസാനിപ്പിക്കുകയാണ് റിസർവ് ബാങ്കിൻറെ ലക്ഷ്യം. നിലവിൽ നോട്ടുകൾ അച്ചടിക്കുന്നത് 90 ശതമാനവും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെയാണ്. പക്ഷേ, നോട്ട് നിർമിക്കാനുള്ള കോട്ടൺ, ഫൈബർ തുടങ്ങി നിരവധ ഘടകങ്ങൾ ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്. നോട്ട് അച്ചടി ഏറെ ചെലവുള്ളതുമാണ്. ഓരോ നോട്ട് അച്ചടിക്കാനും 27 ദിവസം വരെ എടുക്കാറുമുണ്ട്.
മാത്രമല്ല 5, 10, 20 തുടങ്ങിയ ചെറിയ തുകയുടെ നോട്ടുകളാണ് ജനങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നതിനാൽ ഓരോ 8-9 മാസം കൂടുമ്പോഴും അവ മുഷിയുകയും മാറ്റി പുതിയവ പുറത്തിറക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഭാവയിൽ ചെറിയ തുകകളുടെ നാണയങ്ങളാകും അധികമായി അവതരിപ്പിക്കുക.
നാണയങ്ങൾ ദീർഘകാലം ഈടുനിൽക്കുമെന്നതിനാൽ നോട്ട് അച്ചടിയും അതുവഴി ചെലവും കുറയ്ക്കാം. നാണയങ്ങളുടെ വ്യാജൻ നിർമിക്കുക എളുപ്പമല്ലെന്നതിനാൽ കള്ളനാണയങ്ങളുമുണ്ടാവില്ലെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിട്ട് കോയിൻ വെൻഡിങ് മെഷീനുകൾ അവതരിപ്പിക്കുന്നത്. 2022 ഡിസംബർ വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നാണയങ്ങളുടെ മൂല്യം 22,850 കോടി രൂപയാണ്.