ഭൂമിയാംകുളത്ത് റോഡ് ക്രോസ് ഡ്രെയിൻ നിർമ്മാണം ആരംഭിച്ചു
ഇടുക്കി: കുത്തിയൊഴുകിയെത്തുന്ന മഴവെള്ളം വഴി തിരിച്ച് വിടുന്നതിന് ഭൂമിയാംകുളത്ത് റോഡ് ക്രോസ് ഡ്രെയിന്റെ നിർമ്മാണം ആരംഭിച്ചു.
ഭൂമിയാംകുളം ടൗണിലേക്ക് മഴ വെള്ളം ഒഴുകിയെത്തുകയും പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഉൾപ്പെടെ ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വാഴത്തോപ്പ് ഡിവിഷൻ നമ്പർ ആൻസി തോമസ് അഞ്ച് ലക്ഷം രൂപ അനുവദിച്ച് റോഡ് ക്രോസ് ഡ്രെയിന്റെ നിർമ്മാണം നടത്തുന്നത്.
സെന്റ് സെബാസ്റ്റ്യൻസ് പള്ളി മുതൽ ഭൂമിയാകുളം ടൗൺ വരെ മഴ സമയങ്ങളിൽ ഡ്രൈനേജ് ഇല്ലാത്തതുമൂലം റോഡിലൂടെ ശക്തമായ വെള്ളമാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളം മുഴുവനും ടൗണിലേക്ക് എത്തുമ്പോൾ കാൽനടയാത്ര പോലും സാധ്യമാകാത്ത വിധം ജനജീവിതം ദുഷ്കരമായിരുന്നു.
വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായത്. ഭൂമിയാംകുളം വാസുപ്പാറ റോഡിന് കുറുകെയാണ് ഡ്രെയിനേജ് നിർമ്മിക്കുന്നത്. ഇരുമ്പ് ഗ്രില്ലിട്ട് ഡ്രൈനേജ് കവർ ചെയ്യുന്ന വിധത്തിലാണ് നിർമ്മാണം. ധനകാര്യ കമ്മീഷന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നതെന്ന് സ്ഥലത്ത് സന്ദർശനം നടത്തിയ ആൻസി തോമസ് അറിയിച്ചു.