മാധവം ബാലസദനം അന്താരാഷ്ട്ര യോഗ ദിനവും ഡോക്ടർജി സ്മൃതി ദിനവും ആഘോഷിച്ചു
തൊടുപുഴ: കാഞ്ഞിരമറ്റം തൊടുപുഴ മാധവം ബാലസദനത്തിൽ അന്താരാഷ്ട്ര യോഗ ദിനവും ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ(ഡോക്ടർ ജി) സ്മൃതി ദിനവും ആചരിച്ചു. യോഗ പരിശീലകരായ സുരേഷ് ബാബു വട്ടപ്പറമ്പിൽ, ശുഭലക്ഷ്മി എന്നിവർ ചേർന്ന് യോഗ ക്ലാസുകൾ നയിച്ചു.
ബാലസദനം സെക്രട്ടറി ശാലിനി സുധീഷ് യോഗാദിന സന്ദേശം നൽകി. വാർഡൻ സുബ്രൻ.പി.കെ യോഗാദിന പരിപാടികൾക്ക് നേതൃത്വം നൽകി. ആർ.എസ്.എസിന്റെ സ്ഥാപകനും, ആദ്യത്തെ സർസംഘചാലകുമായിരുന്ന ഡോക്ടർജിയുടെ സ്മൃതി ദിനം മാധവം ബാലസദനത്തിൽ സമുചിതമായി ആഘോഷിച്ചു.
ഭാരതീയ ദർശനങ്ങളിലും ജീവിതമൂല്യങ്ങളിലും ഊന്നി ഭാരതത്തെ പരം വൈഭവം അഥവാ ഉന്നതമായ അവസ്ഥയിൽ എത്തിക്കുകയെന്ന ആശയത്തിനു പ്രചാരം നൽകുകയെന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഡോക്ടർ ജി ആർ.എസ്.എസ് സ്ഥാപിച്ചതെന്ന് സെക്രട്ടറി ശാലിനി സുധീഷ് പ്രഭാഷണത്തിൽ പറഞ്ഞു.
ഡോക്ടർ ജിയുടെ ചിന്താധാരകളെ വീര ശിവാജിയുടെ പോരാട്ടവും സ്വാമി വിവേകാനന്ദന്റെ വാക്കുകളും ഏറെ സ്വാധീനിച്ചിരുന്നതായി അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. ചൈതന്യ ധന്യവും സാംസ്കാരിക സമ്പൂർണ്ണവും ആയ ജീവിതവും നല്ല വിദ്യാഭ്യാസവും കുട്ടികൾക്ക് നൽകാനായി 2006 മുതൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാധവം ബാലസദനം.
ഈ വർഷം സാംസ്കാരികവും ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങളുടെയും വിപുലമായ ആഘോഷങ്ങളാണ് കുട്ടികൾക്കായി മാധവം ബാലസദനം വിഭാവനം ചെയ്തിരിക്കുന്നത്.