ന്യായവില ഉറപ്പാക്കാത്ത റബര്‍ ബോര്‍ഡില്‍ കര്ഷകന് വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: കര്ഷകന് ന്യായവില ഉറപ്പാക്കാത്ത റബര്‍ബോര്‍ഡിലും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലും കര്ഷകന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
1947ലെ റബര്‍ ആക്ട് റദ്ദ് ചെയ്ത് പുതിയ ആക്ട് നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരടുബില്ലില്‍ കര്‍ഷകര്‍ നിര്‍ദ്ദേശങ്ങള്‍ സമയപരിധിയ്ക്കുള്ളില്‍ സമര്‍പ്പിച്ചിരുന്നു. ബില്ല് നിയമമായി മാറുന്നതിന്റെ ഭാഗമായിട്ടാണ് ജൂലൈ 14ന് വാണിജ്യ അഡീഷണല്‍ സെക്രട്ടറി കോട്ടയതത് ചര്‍ച്ചയ്ക്കെത്തുന്നത്.
ബോര്‍ഡിന്റെ ഭരണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിപണിയില്‍ ന്യായവില ലഭിക്കാതെ വിലത്തകര്‍ച്ച നേരിടുന്ന കര്‍ഷകരുടെ വിഷയമല്ല. റബര്‍ ബോര്‍ഡിലെ കേരള പ്രാതിനിധ്യം 8ല്‍ നിന്ന് 6 ആയി കുറയുമ്പോള്‍ നഷ്ടമുണ്ടാകുന്നത് കര്‍ഷകര്‍ക്കല്ല, രാഷ്ട്രീയ പ്രതിനിധികള്‍ക്കാണ്. കേരളത്തില്‍ നിന്ന് 8 അംഗങ്ങളുണ്ടായിട്ടും റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയമായിരുന്നിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നേരിടുന്ന വിലത്തകര്‍ച്ചയില്‍ റബര്‍ കര്‍ഷകരെ സഹായിക്കുവാന്‍ ആരുമുണ്ടായില്ല.
യു.പി.എ ഭരണകാലത്ത് കേരളത്തില്‍ നിന്ന് എട്ടോളം മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്നിട്ടും റബര്‍ കര്‍ഷകരെ രക്ഷിക്കാനായില്ല. ഇപ്പോള്‍പോലും കേരളത്തിലെ എല്ലാ രാജ്യസഭാ ലോകസഭാ എംപിമാരും പ്രതിപക്ഷത്താണെന്നിരിക്കെ ഒറ്റക്കെട്ടായി റബര്‍ കര്‍ഷകര്‍ക്കായി ശബ്ദിക്കാനും തയ്യാറായില്ലെന്നു മാത്രമല്ല കര്‍ഷകരെ നിരന്തരം വഞ്ചിക്കുകയുമാണ്.
റബര്‍ ആക്ട് 1947 റദ്ദ് ചെയ്ത് റബര്‍ പ്രമോഷന് ആന്‍ഡ് ഡെവലപ്പ്മെന്റ് ആക്ട് 2023 നിലവില്‍ വന്നാലും റബര്‍ കര്‍ഷകര്‍ ഇന്നു നേരിടുന്ന ദുര്‍വിധിക്കും ദുരവസ്ഥയ്ക്കുമപ്പുറം കൂടുതലൊന്നും നഷ്ടപ്പെടാനില്ല.
റബറിന് ന്യായവില ഉറപ്പാക്കാന്‍ സാധിക്കാത്ത രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ഇരയാകുവാന് കര്‍ഷകരെ ഇനിയും കിട്ടില്ലെന്നും, കാലങ്ങളായി തുടരുന്ന വിലത്തകര്‍ച്ചയില്‍ ജീവിത പ്രതിസന്ധിയിലായിരിക്കുന്നവരെ രക്ഷിക്കാനാവാത്ത ജനപ്രതിനിധികളുടെ വാക്കുകളില്‍ റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.