ചന്ദ്രയാൻ -3 ഭ്രമണ പഥമുയർത്തൽ; രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി
ബാംഗ്ലൂർ: ചന്ദ്രയാൻ -3 രണ്ടാം ഘട്ട ഭ്രമണ പഥമുയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഇസ്രൊ. പേടകമിപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത ദൂരം 226 കിലോമീറ്ററും ഏറ്റവും അകലെയുള്ള ദൂരം 41603 കിലോമീറ്ററും ഉള്ള ദീർഘ വൃത്തത്തിലാണുള്ളത്.
ചൊവ്വാഴ്ച വൈകിട്ട് 2 മണി മുതൽ 3 മണി വരെയാണ് ഭ്രമണ പഥമുയർത്തലിൻറെ അടുത്ത ഘട്ടം. ഭൂമിയുടെ ഗുരുത്വാർഷണ വലയം ഭേദിച്ചു പുറത്തേക്കു പോകുന്നതിനായാണ് ഘട്ടം ഘട്ടമായി ഭ്രമണ പഥമുയർത്തുന്നത്. പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ഭ്രമണപഥമുയർത്തുന്നത്.
കഴിഞ്ഞ 14നാണ് ചന്ദ്രയാൻ -3 യുടെ യാത്ര ആരംഭിച്ചത്. ജൂൺ 15ന് ആദ്യഘട്ട ഭ്രമണ പഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കി.
അഞ്ചു ഘട്ടങ്ങളിലായാണ് ഭ്രമണ പഥമുയർത്തുന്ന പ്രക്രിയ പൂർത്തിയാക്കുന്നത്. ഓഗസ്റ്റ് ഒന്നിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കി ചന്ദ്രയാൻ ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും.