85ആം വയസിൽ സിനിമയിലേക്ക്, ആദ്യ ചിത്രത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും
തൃപ്പൂണിത്തുറ: ചെറുമകന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രം കണ്ട് 85ആം വയസിൽ സിനിമയിലേക്ക്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്കാരവും. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ലഭിച്ച ദേവി വർമയുടെ സിനിമാ പ്രവേശനം കൗതുകമുണർത്തുന്നതാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിലെ അയിഷ റാവുത്തറുടെ വേഷത്തിനാണ് പുരസ്കാരം ലഭിച്ചത്.
മകൾ ശുഭ വർമയുടെ മകൻ സിദ്ധാർഥ് വർമ തിയറ്റർ ആർട്ടിസ്റ്റാണ്. സിദ്ധാർഥിന്റെ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന ദേവി വർമയുടെ ചിത്രം കണ്ട സംവിധായകനാണ് അഭിനയിക്കാൻ വിളിച്ചത്. 2002ൽ ഭർത്താവ് രവിവർമ തമ്പുരാന്റ മരണശേഷം തിയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ലാത്ത ദേവി വർമ അങ്ങനെ വെള്ളിത്തിരയിലെത്തി.
തൃപ്പൂണിത്തുറയിൽ1966ൽ പ്രവർത്തനം തുടങ്ങിയ ശ്രീകല തിയറ്റർ ദേവി വർമയുടെതായിരുന്നു. 2015ൽ പ്രവർത്തനം നിർത്തി. ഇതോടെ സിനിമയുമായി കുടുംബത്തിന്റെ എല്ലാ ബന്ധവും അവസാനിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി സിനിമ ദേവി വർമയെ തേടിയെത്തിയത്. ആദ്യ വേഷത്തിനുതന്നെ പുരസ്കാരം ലഭിച്ചതിനാൽ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം തോന്നിയ ദിവസമാണിന്ന് ദേവി വർമ പ്രതികരിച്ചു.