ചന്ദ്രയാൻ-3 ചന്ദ്രനോട് കൂടുതൽ അടുത്തതായി ഐ.എസ്.ആർ.ഒ
ബാംഗ്ലൂർ: ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുന്ന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രനോട് കൂടുതൽ അടുത്തതായി സ്ഥിരീകരിച്ച് ഐ.എസ്.ആർ.ഒ. മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തലും ചന്ദ്രയാൻ-3 വിജയകരമായി പൂർത്തിയാക്കി.
ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ-3 ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച് ചന്ദ്രൻറെ മണ്ഡലത്തിൽ പ്രവേശിച്ചത്. ഓഗസ്റ്റ് ആറിനും ഒമ്പതിനുമായി രണ്ടു തവണത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തീകരിച്ചിരുന്നു.
നിലവിൽ ചന്ദ്രനിൽ നിന്ന് ഏറ്റവും കുറഞ്ഞ അകലം 150 കിലോ മീറ്ററും കൂടുതൽ അകലം 177 കിലോമീറ്ററുമായുള്ള ദീർഘവൃത്തത്തിലൂടെ ഭ്രമണം ചെയ്യുകയാണ് പേടകം. ഓഗസ്റ്റ് 16ന് രാവിലെ 8.30നാണ് അടുത്ത ഭ്രമണപഥം താഴ്ത്തൽ. അതോടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം എത്തും.
അതിനു ശേഷം ലാൻർ പ്രോപ്പൾസൺ മോഡ്യൂളിൽ നിന്ന് വേർപ്പെട്ട് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യും. ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.