ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ്ങ് മൊഡ്യൂൾ ഇന്ന് വേർപെടുത്തും
ബാംഗ്ലൂർ: 34 ദിവസം മുൻപ് വിക്ഷേപിച്ച ചന്ദ്രയാൻ-3 (Chandrayaan-3) ദൗത്യം നിർണായക ഘട്ടത്തിലേക്ക്. ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡിങ് മൊഡ്യൂൾ, ചന്ദ്രനെ ഭ്രമണം ചെയ്യുന്ന മൊഡ്യൂളിൽ നിന്ന് വ്യാഴാഴ്ച വേർപെടുത്തും. ലാൻഡറായ വിക്രം (Vikram), ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന പ്രജ്ഞാൻ (Pragyan) എന്നിവ അടങ്ങുന്നതാണ് ലാൻഡിങ് മൊഡ്യൂൾ.
153km X 163km ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-3 ഇപ്പോഴുള്ളത്. ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തിയ ശേഷമാണ് ദൗത്യത്തിലെ അവസാനത്തെയും സുപ്രധാനവുമായ ഘട്ടം- ചന്ദ്രനിലെ ലാൻഡിങ്ങ്.
ലാൻഡ് ചെയ്ത ശേഷമാണ് റോവറായ (Rover) പ്രജ്ഞാൻ പുറത്തേക്കു വരേണ്ടത്. സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കാൻ സാധിക്കാതിരുന്നതിനാലാണ് ചന്ദ്രയാൻ-2 പൂർണ വിജയമാകാതിരുന്നത്. 2019ലെ ഈ ദൗത്യത്തിന്റെ വിജയകരമായ ആവർത്തനമാണ് ചന്ദ്രയാൻ-3 ലക്ഷ്യമിടുന്നത്.
ആദ്യ പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട്, നാലു വർഷമെടുത്ത്, ലാൻഡറിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്. അഞ്ചാമത്തെ എൻജിൻ ഒഴിവാക്കിയതും കാലുകൾക്ക് ശക്തി വർധിപ്പിച്ചതും അൾഗോരിതങ്ങളിൽ മാറ്റം വരുത്തിയതും സോളാർ പാനലിന്റെ വ്യാപ്തി വർധിപ്പിച്ചതും പുതിയ സെൻസറുകൾ ഉൾപ്പെടുത്തിയതും അടക്കമുള്ള പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്.