അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
ന്യൂഡൽഹി: അനധികൃത ലോൺ ആപ്പുകളുടെ വർധിക്കുന്ന ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ഇതിൻറെ ഭാഗമായി ബാങ്കുകൾക്ക് കൂടുതൽ വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ചെയ്യാൻ റിസർവ് ബാങ്കിനോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യാജ വായ്പാ ആപ്പുകൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിയമപരവും സൂക്ഷ്മമായി പരിശോധിച്ചതുമായ ലോൺ ആപ്പുകൾക്ക് മാത്രമേ ഇന്ത്യൻ ബാങ്കിങ് സംവിധാനം ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയൂവെന്ന് ഇത് ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്തെങ്കിലും നിയമലംഘനം ഉണ്ടായാൽ നിയമപ്രകാരമുള്ള നടപടിക്കും ഇതു സഹായകമാകും.
2022-23 സാമ്പത്തിക വർഷത്തിൽ അനധികൃത ലോൺ ആപ്പുകൾക്കെതിരായ പരാതികളുടെ എണ്ണം 1,062 ആയി ഉയർന്നതായി ധനമന്ത്രാലയം അടുത്തിടെ ലോക്സഭയെ അറിയിച്ചിരുന്നു.
ഇന്ത്യൻ പീനൽ കോഡിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെയും നിരവധി വകുപ്പുകൾ ലംഘിക്കുന്നതിനാൽ ഇത്തരം ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഗൂഗ്ൾ, ആപ്പിൾ ആപ്പ് സ്റ്റോറുകൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ കമ്പനികൾ പലപ്പോഴായി ഇത്തരം ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്നുണ്ട്.