മഹാദേവ് ബെറ്റിങ് ആപ്പ് ഉടമസ്ഥൻ ദുബായിൽ പിടിയിൽ
ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിന്റെ ഉടമസ്ഥരിൽ ഒരാളായ രവി ഉപ്പൽ ദുബായിൽ പിടിയിലായി. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ഉപ്പലിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേത്തുടർന്നാണ് ദുബായ് പൊലീസ് ഇയാളെ പിടി കൂടിയത്. ഉപ്പൽ പിടിയിലായിട്ട് ഒരാഴ്ച കഴിഞ്ഞെന്നാണ് റിപ്പോർട്ട്. നിയമപ്രകാരം ഇയാളെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ദുബായ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് അനധികൃതമായി ബെറ്റിങ് നടത്തി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഇയാൾക്കെതിരേ ഇഡി അന്വേഷണം നടത്തുന്നത്.
43കാരനായ ഉപ്പലിനെതിരേ ഛത്തിസ്ഗഡ്, മുംബൈ പൊലീസും കേസെടുത്തിട്ടുണ്ട്. മഹാദേവ് ആപ്പിന്റെ പ്രൊമോട്ടറായിരുന്ന 28കാരനായ സൗരഭ് ചന്ദ്രശേഖറിനെതിരേയും ഇ.ഡി കേസെടുത്തിട്ടുണ്ട്.
എന്നാൽ ഇയാളെ ഇതുവരെയായും പി.ടി കൂടാനായിട്ടില്ല. ഇരുവരും ചേർനന് 6000 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡിയുടെ പ്രാഥമിക നിഗമനം. സൗരഭ് ചന്ദ്രശേഖറിന്റെ ആഡംബര വിവാഹത്തിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണമാണ് വൻ കള്ളപ്പണക്കേസിലേക്ക് ഇഡിയെ നയിച്ചത്.