ഷാർജയിൽ തീപിടിത്തം: അഞ്ച് പേർ മരിച്ചു
ഷാർജ: അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചെന്ന് ഷാർജ പൊലീസ്. സംഭവത്തിൽ 44 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ഗുരുതരമല്ല.
താമസക്കാരിൽ പലർക്കും പുക ശ്വസിച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി.
18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളിൽ നിന്നാണ് തീ പടർന്നത്. താമസക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.