യു.എ.ഇയിൽ കനത്ത മഴയും വെള്ളപ്പൊക്കവും: റോഡ് വിമാന ഗതാഗതം തടസ്സപ്പെട്ടു
മനാമ: യു.എ.ഇയിൽ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വൻ നാശനഷ്ടം. റാസൽ ഖൈമയിലും അൽ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം താറുമാറായി.
നൂറു കണക്കിനു പേർ ഫ്ലാറ്റുകളിലും വീടുകളിലും കുടുങ്ങി ഒറ്റപ്പെട്ട നിലയിലാണ്. അൽ ഐനിൽ 24 മണിക്കൂറിൽ 254.8 മില്ലി മീറ്റർ മഴയാണ് പെയ്തിറങ്ങിയത്.
റാസൽ ഖൈമയിൽ ഒഴുക്കിൽപ്പെട്ട് സ്വദേശി പൗരൻ മരിച്ചു. മിക്ക എമിറേറ്റുകളിലും പ്രധാന ഹൈവേകളടക്കം വെള്ളം കയറിയതിനാൽ യാത്ര ദുഷ്കരമായി.
ഷാർജയിൽ സൂപ്പർമാർക്കറ്റ് അടക്കമുള്ള കടകളിൽ വെള്ളം കയറി. അടിയന്തര സാഹചര്യത്തിലല്ലാതെ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. റാസൽ ഖൈമയിലെ അൽ ഷുഹാദ സ്ട്രീറ്റ് മണ്ണിടിച്ചിലിൽ തകർന്നു. അൽ ഐനിലെ ചില റോഡുകളും തകർന്നു. തടാകങ്ങൾ കരകവിഞ്ഞതാണ് മണ്ണിടിച്ചിലിന് കാരണമായത്.