കേരള ഹോട്ടൽ ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു
തൊടുപുഴ: ഭക്ഷണ ഉല്പാദന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കേറ്ററിംഗ്, ടീഷോപ്പ്, ജൂസ് പാര്‍ലര്‍, പലചരക്ക്, പഴം, പച്ചക്കറി, മത്സ്യമാംസ്യ സ്റ്റാളുകള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍പേര്‍ക്കുമായി തൊടുപുഴ മര്‍ച്ചന്റ് അസ്സോസിയേഷന്റെ സഹകരണത്തോടെ കേരളഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസ്സോസ്സിയേഷന്റെ (കെ.എച്ച്.എഫ്.എ.) ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് നടത്തി. ടൈഫോയിഡ് വാക്സിന് നല്‍കിയും 24ല്‍പരം ടെസ്റ്റ് പാരാമീറ്ററുകള്‍, ബ്ലഡ് പ്രഷര്‍, സാച്ചുറേഷന്‍, ബി.എം.ഐ. തുടങ്ങിയ പരിശോധനകള്‍ ഉള്‍പ്പെടെ 300ല്‍പരം പേര്‍ക്കാണ് തൊടുപുഴ ചിന്നാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമ ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നൽകിയത്.
മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലും ഓര്‍ബിസ് ലൈവ്സ് മൊബൈല്‍ ക്ലിനിക്കും ചേര്‍ന്നാണ് ആധുനിക സംവിധാനം ഉപയോഗിച്ചുള്ള മെഡിക്കല്‍-ക്യാമ്പ് സൗകര്യം ഒരുക്കിയത്. ഭക്ഷണവിതരണ മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് തുടര്‍ ഞായറാഴ്ചകളിലും ക്യാമ്പ് സംവിധാനം ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൊടുപുഴ മര്‍ച്ചന്റ് അസ്സോസിയേഷന് പ്രസിഡന്റ് റ്റി.സി. രാജു കെ.എച്ച്.എഫ്.എ. പ്രസിഡന്റ് എം.എന്‍. ബാബുവിന് സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെ.വി.വി.ഇ.എസ്. ന്റെയും മര്‍ച്ചന്റ് അസ്സോസിയേഷന്റെയും, കെ.എച്ച്.എഫ്.എ.യുടെയും ഭാരവാഹികളായ ആര്. രമേഷ്, സി.കെ. നവാസ്, അനില്‍ പീടികപ്പറമ്പില്‍, നഖൂര് ഖനി, അബ്ദുള്‍ സലിം, മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റല്‍ അഡിമിനിസ്ട്രേറ്റര് സി. മേഴ്സി കുര്യന്, ഓര്‍ബിസ് ലൈവ്സ് എം.ഡി. ആന്റണ്‍ ഐസക് കുന്നേല്‍, ഡോ. അത്തിക് എന്നിവര്‍ പ്രസംഗിച്ചു.