ട്വന്റി ട്വന്റി; ഉഗാണ്ടയ്ക്കെതിരെ 5.2 ഓവറിൽ കളി തീർത്ത് ന്യൂസിലൻഡ്
ടറോബ: ടി20 ലോകകപ്പിൽ ഉഗാണ്ടക്കെതിരെ ന്യൂസിലൻഡിനു മിന്നുന്ന ജയം. 18.4 ഓവറിൽ വെറും 40 റൺസിന് അവസാനിച്ച ഉഗാണ്ടയ്ക്കെതിരെ 5.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
മത്സരം ആരംഭിക്കുന്നതിനു മുൻപ് ഗ്രൂപ്പിലെ അവസാനക്കാരായിരുന്ന ന്യൂസിലൻഡ് നേരത്തെ തന്നെ സൂപ്പർ എട്ട് കാണാതെ പുറത്തായിരുന്നു. ജയത്തോടെ ന്യൂസിലൻഡ് ഈ ലോകകപ്പിലെ ആദ്യ ജയം നേടുകയായിരുന്നു.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. ടോസ് ലഭിച്ച ന്യൂസീലൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കളി ആരംഭിച്ചതു മുതൽ ഉഗാണ്ടയെ ബൗളർമാർ വിരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് കാണാനിടയായത്.
മത്സരത്തിൽ നാല് ലെഗ് ബൈ വിക്കറ്റുകളാണ് പിറന്നത്. രണ്ട് ബൗൾഡും. പന്തെറിഞ്ഞ അഞ്ച് ബൗളർമാരും വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറിൽ വെറും നാല് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടിം സൗത്തിയാണ് ഉഗാണ്ടയെ തകർത്തത്.
ട്രെന്റ് ബോൾട്ട് നാലോവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. മിച്ചൽ സാന്റ്നറും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റുകൾ തന്നെ വീഴ്ത്തി. ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റെടുത്തു.
11 റൺസെടുത്ത കെന്നത് വൈസ്വ മാത്രമാണ് ഉഗാണ്ട നിരയിൽ രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാൻ. നാല് താരങ്ങൾ പൂജ്യത്തിൽ പുറത്തായി. നാലിൽ മൂന്ന് പേരും ഗോൾഡൻ ഡക്ക്. ഓപ്പണർ റൊണാക് പട്ടേലാവട്ടെ 20 പന്തുകളിൽ രണ്ട് റൺസ് മാത്രം എടുത്തു പുറത്തായി.
മറുപടി ബാറ്റിങ് ഇറങ്ങിയ ന്യൂസീലൻഡിന്റെ ഓപ്പണർ ഫിൻ അല്ലന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. താരം ഒമ്പത് റൺസെടുത്ത് പുറത്തായപ്പോൾ 22 റൺസെടുത്ത ഡെവോൺ കോൺവെയും ഒരു റണ്ണുമായി രചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു.