മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500 ലധികം പേർ ചികിത്സയിൽ
മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കൽ,മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്.
അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു.
ചേലേമ്പ്രയിൽ 15 വയസുകാരിക്ക് ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളിൽ ഒട്ടേറെ പേർക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു.
മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്കൂളുകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി. വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണവും ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.