തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: 310 പന്നികളെ കൊല്ലും
തൃശൂർ: മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ 310 ഓളം പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും.
ജില്ലാ കലക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണു നശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാനും നിർദേശം നൽകി.